മോഡല്‍ എക്‌സ് എസ്‌യുവിയുടെ വില കുറച്ച് വിപണി പിടിക്കാന്‍ ടെസ്‌ല

കാലിഫോര്‍ണിയ: മോഡല്‍ എക്‌സ് എസ്‌യുവിയുടെ അടിസ്ഥാന വില കുറച്ച് വിപണി പിടിക്കാന്‍ ടെസ്‌ല.

79,500 ഡോളറാണ് പുതിയ വില. മോഡല്‍ എക്‌സിന്റെ ലാഭസാധ്യത മെച്ചപ്പെട്ടതാണ് വില കുറയ്ക്കാന്‍ കാരണമെന്ന് കമ്പനി അറിയിച്ചു.

ഈയിടെ പുറത്തിറക്കിയ മോഡല്‍ 3 യുടെ ഉല്‍പ്പാദനം വര്‍ധിപ്പിക്കാനുള്ള ശ്രമത്തിനിടെയാണ് പുതിയ തീരുമാനം.

ഏറ്റവും താങ്ങാനാവുന്ന വിലയില്‍ ടെസ്‌ല പുറത്തിറക്കിയ കാറാണ് മോഡല്‍ 3.

35,000 ഡോളറാണ് മോഡല്‍ 3 യുടെ അടിസ്ഥാന വില. മോഡല്‍ എക്‌സ് എസ്‌യുവിയോട് വിമുഖത കാണിച്ചവര്‍ വില കുറഞ്ഞ പുതിയ മോഡല്‍ 3 സെഡാനിലേക്ക് അടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

അതേസമയം, ആഢംബര ഇലക്ട്രിക് എസ്‌യുവിയായ മോഡല്‍ എക്‌സിന്റെ ഡിമാന്‍ഡിന് ഇപ്പോഴും ഇടിവ് സംഭവിച്ചിട്ടില്ലെന്ന് ടെസ്‌ല സിഇഒ ഇലോണ്‍ മസ്‌ക് കഴിഞ്ഞയാഴ്ച്ച പ്രസ്താവിച്ചിരുന്നു.

മോഡല്‍ എക്‌സ് 75ഡി അവതരിപ്പിച്ച സമയത്ത് ആ വാഹനത്തിന് താഴ്ന്ന ലാഭസാധ്യതയാണ് ഉണ്ടായിരുന്നത്. ഇപ്പോള്‍ ലാഭസാധ്യത മെച്ചപ്പെട്ടതിനാല്‍ അതിന്റെ ഗുണം ഉപയോക്താക്കള്‍ക്ക് കൈമാറുകയാണെന്ന് ടെസ്‌ല പത്രക്കുറിപ്പില്‍ അറിയിച്ചു.

മോഡല്‍ എക്‌സ് എസ്‌യുവിയുടെ വിലയില്‍ 3,000 ഡോളറാണ് കുറച്ചത്. 79,500 ഡോളറാണ് പുതിയ വില. നേരത്തെ 82,500 ഡോളര്‍ മുതലാണ് മോഡല്‍ എക്‌സിന്റെ വില തുടങ്ങിയിരുന്നത്. അതിവേഗ ആക്‌സലറേഷനും കൂടുതല്‍ റേഞ്ചുമുള്ള മോഡല്‍ എക്‌സിന്റെ ടോപ് വേരിയന്റായ പി100ഡിക്ക് 1,45,000 ഡോളറാണ് വില.

മോഡല്‍ 3 അവതരിപ്പിക്കുമ്പോള്‍ മോഡല്‍ എക്‌സിന്റെ വില്‍പ്പനയില്‍ ഇടിവ് സംഭവിക്കില്ലെന്ന് ഇലോണ്‍ മസ്‌ക് കഴിഞ്ഞയാഴ്ച്ച പറയുകയുണ്ടായി. ടെസ്‌ലയുടെ വില കുറഞ്ഞ കാറായ മോഡല്‍ 3 സെഡാന്‍ പുറത്തിറക്കിയശേഷം മോഡല്‍ എക്‌സ്, മോഡല്‍ എസ് വാഹനങ്ങളുടെ ഡിമാന്‍ഡ് യഥാര്‍ത്ഥത്തില്‍ വര്‍ധിച്ചതായും മസ്‌ക് പ്രസ്താവിച്ചിരുന്നു.

മോഡല്‍ 3 യുടെ അടിസ്ഥാന വില 35,000 ഡോളറാണെങ്കിലും കൂടുതല്‍ റേഞ്ച് ലഭിക്കുന്ന വേരിയന്റിന് 44,000 ഡോളര്‍ നല്‍കണം. ആഡംബര സെഡാനുകളായ ഔഡി എ4, ബിഎംഡബ്ല്യു 3 സീരീസ്, മെഴ്‌സിഡസ് സി ക്ലാസ് എന്നിവയോടാണ് മോഡല്‍ 3 മത്സരിക്കുന്നത്.

Top