യുഎസിൽ വീണ്ടും കത്തിനശിച്ച് ടെസ്ല ഇലക്ട്രിക് കാര്‍; അസാധാരണമായി ഒന്നുമില്ലെന്ന് അഗ്നി രക്ഷാ സേന

കാലിഫോര്‍ണിയ : 0.01 ശതമാനം ടെസ്ല കാറുകള്‍ക്കാണ് തീ പിടിച്ചിട്ടുള്ളതെന്ന് ടെസ്ല സിഇഒ ഇലോണ്‍ മസ്ക് അവകാശപ്പെടുന്നതിനിടെ നടുറോഡില്‍ ചാരമായി ടെസ്ല കാര്‍. കാലിഫോര്‍ണിയയില്‍ ശനിയാഴ്ചയാണ് ടെസ്ല കാര്‍ കത്തിയമര്‍ന്നത്. തീ പിടിച്ചത് കെടാതെ പൊട്ടിത്തെറിച്ചുകൊണ്ടിരുന്ന ടെസ്ല കാറിന്റെ ബാറ്ററിയിലെ തീ നിയന്ത്രണത്തിലാക്കാന്‍ പ്രയോഗിക്കേണ്ടി വന്നത് 6000ഗാലണ്‍ വെള്ളമാണ്. ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് പെന്‍സില്‍വാനിയയില്‍ അപകടമുണ്ടാക്കിയ ടെസ്ലയുടെ എസ് മോഡല്‍ വാഹനം തന്നെയാണ് കാലിഫോര്‍ണിയയിലും കത്തി അമര്‍ന്നത്.

സംഭവത്തില്‍ അസാധാരണമായി ഒന്നുമില്ലെന്നാണ് അഗ്നി രക്ഷാ സേന വിശദമാക്കുന്നത്. ഇതിന് മുന്‍പും സമാന സംഭവം നടന്നിട്ടുള്ളതും ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാണിക്കുന്നു. എന്നാല്‍ ബാറ്ററിയിലെ നിലയ്ക്കാത്ത പൊട്ടിത്തെറി ആശങ്കയ്ക്കുള്ള വക നല്‍കുന്നുണ്ടെന്നാണ് അഗ്നി രക്ഷാ സേന വ്യക്തമാക്കുന്നത്. സാധാരണ വേഗതയില്‍ പോകുന്നതിനിടയില്‍ ബാറ്ററിയില്‍ നിന്ന് തീയും പുകയും വരികയായിരുന്നു. തീ കണ്ട് പുറത്തിറങ്ങിയ യാത്രക്കാര്‍ തീ അണയ്ക്കാന്‍ ശ്രമിച്ചെങ്കിലും കാര്‍ മോഡലേതാണെന്ന് പോലും വിശദമാവാത്ത രീതിയില്‍ പൊട്ടിത്തെറിച്ച് ചാരമാവുകയായിരുന്നു.

2021ല്‍ ടെസ്ല കാറുകളിലെ ബാറ്ററിയിലെ തീ പിടുത്തത്തെക്കുറിച്ച് അന്വേഷണം നടത്താന്‍ നാഷണല്‍ ഹൈവ് ട്രാന്‍സ്പോര്‍ട്ടേഷന്‍ സേഫ്റ്റി അഡ്മിനിസ്ട്രേഷന്‍ വിസമ്മതിച്ചിരുന്നു. ഒറ്റപ്പെട്ട് സംഭവമെന്ന കാരണം നിരത്തിയായിരുന്നു ഇത്. ഇലക്ട്രിക് കാറുകളില്‍ സാധാരണ ഇന്ധം ഉപയോഗിച്ചുള്ള കാറുകളെ അപേക്ഷിച്ച് അഗ്നിബാധയ്ക്കുള്ള സാധ്യത കുറവാണെന്ന് റിപ്പോര്‍ട്ടുകള്‍‌ ഉള്ളപ്പോഴാണ് തുടര്‍ച്ചയായി ടെസ്ല കാറുകള്‍ അഗ്നിക്കിരയാവുന്നത്.

Top