ചെങ്കടലിൽ കപ്പലുകൾക്ക് നേരെ ആക്രമണം ശക്തം, ടെസ്‌ല ബെർലിൻ ഫാക്ടറി അടച്ചിടും

ചെങ്കടലില്‍ കപ്പലുകള്‍ക്കു നേരെ ആക്രമണങ്ങള്‍ ശക്തമായതിനെ തുടര്‍ന്ന് ബെര്‍ലിന്‍ ഫാക്ടറി രണ്ട് ആഴ്ചത്തേക്ക് അടച്ചിടാന്‍ തീരുമാനിച്ച് ടെസ്‌ല. ജനുവരി 29 മുതല്‍ ഫെബ്രുവരി 11 വരെ ബെര്‍ലിന്‍ ജിഗാഫാക്ടറി ടെസ്‌ല അടച്ചിടുമെന്ന് വാര്‍ത്താ ഏജന്‍സി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ടു ചെയ്തു. കാര്‍ നിര്‍മാണത്തിന് ആവശ്യമായ അസംസ്‌കൃത വസ്തുക്കളുടെ അഭാവമാണ് ടെസ്‌ലയെ കടുത്ത തീരുമാനത്തിന് പ്രേരിപ്പിച്ചത്.

രാജ്യാന്തര കപ്പല്‍ പാതകള്‍ കടന്നു പോകുന്ന സമുദ്ര മേഖലയാണ് ചെങ്കടല്‍. പ്രത്യേകിച്ചും ഏഷ്യയേയും യൂറോപിനേയും എളുപ്പത്തില്‍ ബന്ധിപ്പിക്കുന്ന തന്ത്രപ്രധാനമായ ഈജിപ്തിലെ സ്യൂയസ് കനാല്‍ ഉള്‍പ്പെടുന്ന മേഖല. ആഫ്രിക്കന്‍ ഭൂഖണ്ഡത്തെ ചുറ്റി വരാതെ എളുപ്പം ഏഷ്യയിലേക്കും തിരിച്ചും ചരക്കെത്തിക്കാന്‍ കപ്പലുകള സഹായിക്കുന്നത് സ്യൂയസ് കനാലാണ്. ഏഷ്യയും മെഡിറ്ററേനിയന്‍ മേഖലയും തമ്മിലുള്ള ചരക്കു നീക്കത്തില്‍ ഇത് നിര്‍ണായകമാണ്.

നേരത്തെയും ഈ മേഖലയില്‍ സംഘര്‍ഷങ്ങളും കടല്‍ക്കൊള്ളകളും സജീവമായിരുന്നു. 2010കാലങ്ങളില്‍ ആഫ്രിക്കയിലെ കിഴക്കന്‍ തീരവും സൊമാലിയയോടു ചേര്‍ന്നുള്ള ഭാഗങ്ങളുമായിരുന്നു കപ്പലുകളുടെ പേടി സ്വപ്നം. സൊമാലിയെ ആഭ്യന്തര യുദ്ധം തകര്‍ത്തതോടെയാണ് വലിയൊരു വിഭാഗം കടല്‍ക്കൊള്ളയെ ജീവിത മാര്‍ഗമായി കണ്ടത്. രാജ്യാന്തര തലത്തിലുള്ള ശ്രമങ്ങളും ഇടപെടലും മൂലം ഇപ്പോള്‍ സൊമാലിയന്‍ കടല്‍കൊള്ളക്കാര്‍ മേഖലയില്‍ വലിയ തോതില്‍ ഭീഷണിയാകുന്നില്ല. പുതിയ ഭീഷണിയാണ് ടെസ്‌ലയുടെ ബെര്‍ലിന്‍ മെഗാ ഫാക്ടറി അടച്ചിടുന്നതിലേക്കു നയിച്ചത്.

ചെങ്കടലിലേക്കെത്തണമെങ്കില്‍ ഏദന്‍ കടലിടുക്കു വഴിയും യെമന്‍ തീരത്തുള്ള ബാബ് അല്‍ മന്‍ദേബ് ഉള്‍ക്കടല്‍ വഴിയും കപ്പലുകള്‍ക്ക് സഞ്ചരിക്കേണ്ടതുണ്ട്. കഴിഞ്ഞ ഒരു ദശാബ്ദക്കാലമായി നടക്കുന്ന ആഭ്യന്തരയുദ്ധത്തില്‍ ലോകത്തെ ഏറ്റവും ദരിദ്ര രാജ്യങ്ങളിലൊന്നായി യെമന്‍ മാറിക്കഴിഞ്ഞു. സൗദിയും അമേരിക്കയും പിന്തുണക്കുന്ന യെമന്‍ സര്‍ക്കാരും ഇറാന്‍ പിന്തുണയുള്ള ഹൂത്തികളുമാണ് യമനില്‍ പരസ്പരം പോരടിക്കുന്നത്. ഇസ്രയേല്‍ ഗാസയില്‍ ആക്രമണം തുടങ്ങിയതിനു പിന്നാലെ ഹൂതികള്‍ ബാബ് അല്‍ മന്‍ദേബ് കടലിടുക്കില്‍ ഉപരോധം പ്രഖ്യാപിക്കുകയും കപ്പലുകള്‍ക്കു നേരെ ആക്രമണം നടത്തുമെന്ന് അറിയിക്കുകയും ചെയ്തു.

ഹൂതികളുടെ ഉപരോധവും ആക്രമണ ഭീഷണിയും മൂലം പല രാജ്യാന്തര കപ്പല്‍ കമ്പനികളും ചെങ്കടലും സ്യൂയസ് കനാലും ഉപേക്ഷിച്ച് പുതിയ വഴി സ്വീകരിച്ചു. അതിനര്‍ഥം ആഫ്രിക്കന്‍ ഭൂഖണ്ഡം മുഴുവനായി ചുറ്റിക്കൊണ്ട് കപ്പലുകള്‍ക്ക് വരുമെന്നാണ്. ഇതോടെ കപ്പലുകള്‍ക്ക് ആയിരക്കണക്കിന് കിലോമീറ്റര്‍ ദൂരം കൂടുതലായി സഞ്ചരിക്കേണ്ടി വരികയും യാത്രക്ക് ഒരു ആഴ്ച അധികം സമയമെടുക്കുകയും ചെയ്യുന്നു. ഈ പ്രതിസന്ധിയെ തുടര്‍ന്ന് കാര്‍നിര്‍മാണത്തിനു വേണ്ട അസംസ്‌കൃത വസ്തുക്കളുടെ അപര്യാപ്തത വന്നതോടെയാണ് ടെസ്‌ല കടുത്ത തീരുമാനം എടുത്തിരിക്കുന്നത്.

Top