കൊടും ഭീകരനെ പാക്ക് പ്രധാനമന്ത്രിയാക്കാൻ പാക്കിസ്ഥാൻ സൈന്യം രംഗത്ത് !

ലാഹോര്‍: മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരനും ആഗോള ഭീകരനുമായ ഹാഫിസ് സെയിദ് പ്രധാനമന്ത്രി പദത്തിലേക്ക് മത്സരിക്കാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്.

പാകിസ്ഥാന്‍ സൈന്യത്തിന്റെ പിന്തുണയോടെ നടപടി. രാജ്യത്തെ തീവ്രവാദ സംഘടനകളെ മുഖ്യധാരയിലേക്ക് കൊണ്ട് വരാനുള്ള സൈന്യത്തിന്റെ പദ്ധതിയുടെ ഭാഗമാണ് ഈ നീക്കം. ഇക്കാര്യം പാക് സൈന്യത്തിലെ ഉന്നത ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചതായും ഒരു വിദേശ മാദ്ധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു.

സുപ്രീം കോടതി വിധിയെ തുടര്‍ന്ന് പ്രധാനമന്ത്രി പദം രാജിവച്ച നവാസ് ശെരീഫിന് പകരം ഹാഫിസ് സെയിദോ ഇയാളുടെ അടുത്ത അനുയായികളോ മത്സരിക്കുമെന്നാണ് സൂചന. എന്നാല്‍ ഹാഫിസ് സെയിദ് രാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്നതും തീവ്രവാദ സംഘടനകളെ മുഖ്യധാരയിലേക്ക് കൊണ്ട് വരുന്നതും മുന്‍ പ്രധാനമന്ത്രി നവാസ് ശെരീഫ് എതിര്‍ത്തിരുന്നു.

ഹാഫിസ് സെയിദിന്റെ മതസംഘടനയായി ആരംഭിച്ച മില്ലി മുസ്ലീം ലീഗ് പാര്‍ട്ടിയെ മുഖ്യധാരയിലേക്ക് കൊണ്ട് വരാനുള്ള സൈന്യത്തിന്റെ പദ്ധതി കഴിഞ്ഞ വര്‍ഷം തന്നെ നവാസ് ശെരീഫ് തള്ളിയിരുന്നു.

ശെരീഫ് രാജിവച്ചതിന് തൊട്ടുപിന്നാലെയാണ് തന്റെ സംഘടന രാഷ്ട്രീയത്തിലേക്ക് ഇറങ്ങുകയാണെന്ന് സെയിദ് പ്രഖ്യാപിച്ചത്. തങ്ങള്‍ അധികാരത്തിലെത്തിയാല്‍ രാജ്യത്ത് ശക്തമായ ഇസ്ലാമിക നിയമം നടപ്പിലാക്കുമെന്നും ഹാഫിസ് സെയിദ് പ്രഖ്യാപിച്ചിട്ടുണ്ട്.

അതേസമയം ഞായറാഴ്ച നടക്കുന്ന ഉപതിരഞ്ഞെടുപ്പില്‍ സെയിദിന്റെ അടുത്ത അനുയായി നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചിരുന്നെങ്കിലും പാര്‍ട്ടിക്ക് അംഗീകാരമില്ലെന്ന് കണ്ട് തിരഞ്ഞെടുപ്പ് കമ്മീഷന്‍ തള്ളി. ഇതിന് പിന്നാലെ ഇപ്പോള്‍ വീട്ടുതടങ്കിലുള്ള ഇയാളെ വിട്ടയയ്ക്കണമെന്നും തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ അനുവദിക്കണമെന്നും ആവശ്യപ്പെട്ട് പാകിസ്ഥാനില്‍ വന്‍പ്രചാരണമാണ് നടക്കുന്നത്. ഇന്ത്യയുമായി ബന്ധം സ്ഥാപിക്കാന്‍ ശ്രമിക്കുന്നവരെല്ലാം രാജ്യദ്രോഹികളാണെന്നും ഇക്കൂട്ടര്‍ പറയുന്നു. മുന്‍ പ്രധാനമന്ത്രി നവാസ് ശെരീഫ് ഇന്ത്യയുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്നു.

ഇന്ത്യയ്‌ക്കെതിരെ തീവ്രവാദികളെ ഉപയോഗിച്ച് പാക് സൈന്യം ആക്രമണം നടത്തുന്നുവെന്ന് കാലങ്ങളായുള്ള ആരോപണമാണ്.

Top