ബാരാമുള്ളയില്‍ വിരമിച്ച മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥനെ ഭീകരര്‍ വെടിവച്ചു കൊന്നു

ജമ്മു കശ്മീര്‍ : ബാരാമുള്ളയില്‍ വിരമിച്ച മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥനെ ഭീകരര്‍ വെടിവച്ചു കൊന്നു. ബാരാമുള്ളയി മുസ്ലീം പള്ളിയില്‍ വച്ച് ഞായറാഴ്ചയാണ് സംഭവം. മുന്‍ സീനിയര്‍ സൂപ്രണ്ട് ഓഫ് പൊലീസ് (എസ്.എസ്.പി) മുഹമ്മദ് ഷാഫിയാണ് കൊല്ലപ്പെട്ടത്. മിര്‍ നഗരത്തിലെ ഗന്തമുള്ള ബാല ഏരിയയിലെ ഒരു പ്രാദേശിക പള്ളിയില്‍ നിസ്‌കരിക്കുന്നതിനിടെ തീവ്രവാദികള്‍ വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി.

ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ മുന്‍ എസ്.എസ്.പിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ആക്രമണത്തെത്തുടര്‍ന്ന് ജമ്മു കശ്മീര്‍ പൊലീസ് കനത്ത നിയന്ത്രണമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഭീകരര്‍ക്കായുള്ള തെരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. കഴിഞ്ഞ മാസം, ശ്രീനഗറിലെ ഈദ്ഗാഹ് മസ്ജിദിന് സമീപം തീവ്രവാദികള്‍ നടത്തിയ വെടിവെപ്പില്‍ ഒരു പൊലീസ് ഇന്‍സ്‌പെക്ടര്‍ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. ഈദ്ഗാഹ് ഗ്രൗണ്ടില്‍ പ്രാദേശത്തെ കുട്ടികള്‍ക്കൊപ്പം ക്രിക്കറ്റ് കളിക്കുന്നതിനിടെയാണ് സംഭവം.

Top