Terrorists Hiding Near Pathankot Airbase, Can Launch Attack: Panel Report

ജമ്മു: പത്താന്‍കോട്ട് വ്യോമതാവളത്തില്‍ വീണ്ടും ആക്രമണ സാധ്യതയെന്ന് പാര്‍ലമെന്ററി സ്റ്റാന്‍ഡിങ് കമ്മിറ്റി. പത്താന്‍കോട്ടിന് സമീപമുള്ള ഗ്രാമങ്ങളില്‍ തീവ്രവാദികള്‍ ഒളിഞ്ഞിരിക്കുന്നതിനാല്‍ ആക്രമണ സാധ്യത തള്ളിക്കളയാനാകില്ലെന്ന് സമിതിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.

ജമ്മുവിലെ അതിര്‍ത്തി പ്രദേശങ്ങളിലെ സുരക്ഷാ ക്രമീകരണങ്ങള്‍ അവലോകനം ചെയ്യുന്നതിനായി എത്തിയതായിരുന്നു സമിതി. സമിതി നേരത്തേ പത്താന്‍കോട്ട് സന്ദര്‍ശിച്ചിരുന്നു.

പത്താന്‍കോട്ടിന് സമീപമുള്ള പ്രദേശങ്ങളില്‍ തീവ്രവാദികള്‍ ഒളിഞ്ഞിരിപ്പുണ്ടെന്നും ഇവര്‍ ഏത് നിമിഷവും വീണ്ടും ആക്രമണം നടത്തിയേക്കാമെന്നും ഇതെ സംബന്ധിച്ച് സമീപവാസികള്‍ വിവരം നല്‍കിയതായും കമ്മിറ്റി ചെയര്‍മാന്‍ പി. ഭട്ടാചാര്യ വ്യക്തമാക്കി.

ഇതേസംബന്ധിച്ച് കേന്ദ്രസര്‍ക്കാരിനെ വിവരങ്ങള്‍ ധരിപ്പിച്ചതായും മേഖലയില്‍ സുരക്ഷ ക്രമീകരണങ്ങള്‍ വര്‍ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ടതായും ഭട്ടാചാര്യ കൂട്ടിച്ചേര്‍ത്തു.

റിപ്പോര്‍ട്ടിനെ തുടര്‍ന്ന് സി.ആര്‍.പി.എഫിനോടും ബി.എസ്.എഫിനോടും കൂടുതല്‍ ജാഗ്രത പാലിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയതായും സമിതി വ്യക്തമാക്കി.

ബി.എസ്.എഫിന്റെ സുരക്ഷാക്രമീകരണങ്ങളില്‍ കമ്മിറ്റിക്ക് സംതൃപതിയുണ്ടെന്നും. എന്നാല്‍ ഫോഴ്‌സിന് കൂടുതല്‍ ആധുനിക യുദ്ധോപകരണങ്ങള്‍ നല്‍കാന്‍ നിര്‍ദ്ദേശിച്ചിതായും റിപ്പോര്‍ട്ടുണ്ട്.

ജനുവരി രണ്ടിനാണ് പത്താന്‍കോട്ട് വ്യോമതാവളം തീവ്രവാദികള്‍ ആക്രമിച്ചത്. മലയാളിയായ ലെഫ്റ്റനന്റ് കേണല്‍ നിരഞ്ജന്‍ അടക്കം ഏഴ് സൈനികരാണ് ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. വ്യോമതാവളത്തില്‍ കടന്ന ആറ് തീവ്രവാദികളെയും സൈന്യം വധിച്ചിരുന്നു.

Top