ആറ് ലഷ്‌കര്‍ ഭീകരര്‍ തമിഴ്‌നാട്ടില്‍; കേരളത്തിലും ജാഗ്രത നിര്‍ദ്ദേശം നല്‍കി ഡിജിപി

തിരുവനന്തപുരം: മലയാളി ഉള്‍പ്പടെ ആറ് ലഷ്‌കര്‍-ഇ-ത്വയിബ ഭീകരര്‍ തമിഴ്‌നാട്ടില്‍ എത്തിയ എന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കേരളത്തിലും അതീവ ജാഗ്രത പുലര്‍ത്താന്‍ ഡിജിപി ലോകനാഥ് ബെഹ്‌റ എല്ലാ ജില്ലാ പോലീസ് മേധാവിമാര്‍ക്കും നിര്‍ദേശം നല്‍കി.

വിമാനത്താവളം, റെയില്‍വേ സ്റ്റേഷനുകള്‍, ബസ് സ്റ്റാന്‍ഡുകള്‍, ആരാധനാലയങ്ങള്‍ തുടങ്ങിയ സ്ഥലങ്ങളിലും ജാഗ്രത പുലര്‍ത്താന്‍ നിര്‍ദേശിച്ചിട്ടുണ്ട്. ആരാധനാലയങ്ങള്‍ക്കു ചുറ്റും നിരീക്ഷണവും സുരക്ഷയും ശക്തമാക്കും.

തമിഴ്‌നാടുമായി അതിര്‍ത്തി പങ്കിടുന്ന ജില്ലകളിലും പരിശോധന കര്‍ശനമാക്കും. സംശയാസ്പദമായ സാഹചര്യങ്ങളോ വസ്തുക്കളോ ശ്രദ്ധയില്‍പ്പെട്ടാല്‍ 112 എന്ന നമ്പറിലോ സംസ്ഥാന പോലീസ് മേധാവിയുടെ കണ്‍ട്രോള്‍ റൂമിലോ (0471 2722500) അറിയിക്കണമെന്ന് അദ്ദേഹം പൊതുജനങ്ങളോട് അഭ്യര്‍ഥിച്ചു.

അഞ്ച് ശ്രിലങ്കന്‍ തമിഴ് വംശജരും ഒരു പാക്കിസ്ഥാന്‍ സ്വദേശിയുമുള്‍പ്പെടുന്ന സംഘം തമിഴ്‌നാട്ടിലെ കോയമ്പത്തൂരില്‍ എത്തിയെന്നാണ് റിപ്പോര്‍ട്ട്.നുഴഞ്ഞുകയറിയ ഭീകരരില്‍ ഒരു മലയാളിയുണ്ടെന്ന് അന്വേഷണ ഏജന്‍സികള്‍ സ്ഥിരീകരിച്ചതായും റിപ്പോര്‍ട്ടുണ്ട്. തൃശൂര്‍ സ്വദേശി അബ്ദുള്‍ ഖാദറിന്റെ സാന്നിധ്യമാണ് ഏജന്‍സികള്‍ സ്ഥിരീകരിച്ചത്. ഇയാളുടെ സഹായത്തോടെയാണു ഭീകരര്‍ ശ്രീലങ്കയില്‍നിന്ന് തമിഴ്‌നാട് തീരത്തെത്തിയത്.

സംഘത്തില്‍ ഇല്യാസ് അന്‍വര്‍ എന്ന പാക്ക് ഭീകരനുമുണ്ട് നെറ്റിയില്‍ കുറിയും ഭസ്മവും അണിഞ്ഞ് വേഷം മാറിയായിരിക്കും ഇവരെത്തുകയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കോയമ്പത്തൂരില്‍ ജാഗ്രതാ നിര്‍ദ്ദേശം നല്‍കി. ചെന്നൈയിലും പൊലീസ് പട്രോളിംഗ് ശക്തമാക്കി.

Top