പാക് ചാവേര്‍ സ്‌ഫോടനം; ഉത്തരവാദിത്തം തെഹ്‌രിക് ഇ താലിബാന്‍ ഏറ്റു, മരണം 84

ഇസ്‌ലാമാബാദ്: പാക്കിസ്ഥാനിലെ പെഷാവറിൽ പള്ളിയിലുണ്ടായ സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം നിരോധിത സംഘടനയായ തെഹ്‌രിക് ഇ താലിബാൻ പാക്കിസ്ഥാൻ ഏറ്റെടുത്തു. പെഷാവറിലെ അതീവ സുരക്ഷാമേഖലയായ പൊലീസ് ലൈൻസ് ഏരിയയിലെ പള്ളിയിൽ തിങ്കളാഴ്ച ഉച്ചയ്ക്ക് 1.40 ഓടെയാണ് സ്‌ഫോടനം ഉണ്ടായത്. സ്‌ഫോടനത്തിൽ ഇതുവരെ 84 പേർ കൊല്ലപ്പെട്ടതായി പൊലീസ് സ്ഥിരീകരിച്ചു. കൊല്ലപ്പെട്ടവരിൽ രണ്ട് പൊലീസുകാരും ഉൾപ്പെട്ടിട്ടുണ്ട്. 157 പേർക്ക് പരിക്കേറ്റിട്ടുണ്ട്.

പള്ളിയിൽ പ്രാർഥന നടക്കുമ്പോൾ മുൻനിരയിലുണ്ടായിരുന്ന ചാവേർ പൊട്ടിത്തെറിക്കുകയായിരുന്നു. ഈ സമയത്ത് 260 ഓളം വിശ്വാസികൾ പള്ളിക്കുള്ളിൽ ഉണ്ടായിരുന്നതായി പൊലീസ് വൃത്തങ്ങൾ വ്യക്തമാക്കി. സ്‌ഫോടനത്തിൽ പള്ളിയുടെ ഒരുഭാഗം പൂർണമായി തകർന്നു. അവശിഷ്ടങ്ങൾക്കിടയിൽ നിരവധിപേർ കുടുങ്ങിക്കിടക്കുന്നുണ്ട്. പ്രദേശത്ത് രക്ഷാപ്രവർത്തനം തുടരുകയാണെന്ന് അധികൃതർ അറിയിച്ചു. ചികിത്സയിൽ കഴിയുന്നവരെ പാക്ക് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ് സന്ദർശിച്ചു.

അതേസമയം പൊലീസിന് സുരക്ഷാവീഴ്ച സംഭവിച്ചതായി പെഷാവർ പൊലീസ് മേധാവി ഇജാസ് ഖാൻ പറഞ്ഞു. പെഷവാർ പൊലീസിന്റെയും ഭീകരവിരുദ്ധ സേനയുടെയും ആസ്ഥാനത്തിന് സമീപമായിരുന്നു സ്‌ഫോടനമുണ്ടായത്. അതീവ സുരക്ഷാമേഖലയായ പ്രദേശത്ത് മുന്നൂറിനും നാനൂറിനും ഇടയ്ക്ക് പൊലീസുകാർ സ്ഥിരമായി ഉണ്ടാവാറുണ്ട്. സ്‌ഫോടനത്തിന് പിന്നിലെ കൂടുതൽ കാര്യങ്ങൾ അന്വേഷണത്തിലൂടെ വ്യക്തമാകുമെന്നും ഇജാസ് ഖാൻ പറഞ്ഞു.

Top