ഭീകരവാദത്തിനെതിരെ നടപടിയില്ല; യു.എസ് പാക്കിസ്ഥാനുള്ള ധനസഹായം വെട്ടിച്ചുരുക്കി

വാഷിങ്ടണ്‍: അമേരിക്ക പാക്കിസ്ഥാന് നല്‍കിയിരുന്ന 440 മില്യണ്‍ ഡോളറിന്റെ ധനസഹായം വെട്ടിക്കുറച്ചു. ഇതോടെ പാക്കിസ്ഥാന് യു.എസ് നല്‍കിയിരുന്ന സഹായം 4.1 ബില്യണ്‍ ഡോളറായി ചുരുങ്ങി. പാക്കിസ്ഥാനുമായി 2010ല്‍ ഉണ്ടാക്കിയ പി.ഇ.പി.എ കരാര്‍ പ്രകാരമാണ് യു.എസ് സഹായം നല്‍കിയിരുന്നത്.

2010ലെ പി.ഇ.പി.എ (പാക്കിസ്ഥാന്‍ എന്‍ഹാന്‍സ്ഡ് പാര്‍ട്ണര്‍ഷിപ്പ് എഗ്രിമെന്റ്) പ്രകാരമുള്ള സഹായധനമാണ് അമേരിക്ക വെട്ടി കുറച്ചത്. അഞ്ച് വര്‍ഷത്തെ കാലാവധിയില്‍ 7.5 ബില്യണ്‍ ഡോളറിന്റെ സഹായധനമാണ് കരാറിലൂടെ പാക്കിസ്ഥാന് യു.എസ് വാഗ്ദ്ധാനം ചെയ്തിരുന്നത്. ഭീകരപ്രവര്‍ത്തനങ്ങള്‍ അമര്‍ച്ച ചെയ്യുന്നതില്‍ പരാജയപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ പാക്കിസ്ഥാന് നല്‍കി വന്നിരുന്ന 300 മില്യണ്‍ യു.എസ് ഡോളറിന്റെ സഹായധനം അമേരിക്കന്‍ ആര്‍മി കഴിഞ്ഞ വര്‍ഷം റദ്ദാക്കിയിരുന്നു. അതേവര്‍ഷം ജനുവരിയിലും ഏകദേശം ഒരു ബില്യണ്‍ ഡോളറിന്റെ സാമ്പത്തിക സഹായം അമേരിക്ക നിര്‍ത്തി വയ്ക്കുകയുണ്ടായി.

അടുത്തിടെ അമേരിക്കന്‍ സന്ദര്‍ശനം നടത്തിയ ഇമ്രാന്‍ ഖാനോട് അതിന് മുമ്പ് തന്നെ ഈ വിവരം അമേരിക്ക അറിയിച്ചിരുന്നതായി ചില വിദേശമാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതുമായി ബന്ധപ്പെട്ട് കഴിഞ്ഞ മാസം ഇമ്രാനുമായി നടത്തിയ കൂടിക്കാഴ്ചയില്‍ കടുത്ത വിമര്‍ശമാണ് പ്രസിഡന്റ് ട്രംപ് ഉന്നയിച്ചത്. ‘1.3 ബില്യണ്‍ യു.എസ് ഡോളറിന്റെ സഹായധനമാണ് കഴിഞ്ഞ കുറേയെറെ വര്‍ഷങ്ങളായി ഞങ്ങള്‍ പാക്കിസ്ഥാന് നല്‍കിവന്നു കൊണ്ടിരിക്കുന്നത്. എന്നാല്‍ ആ രാജ്യം ഞങ്ങള്‍ക്ക് വേണ്ടി ഒന്നും തന്നെ തിരികെ നല്‍കിയിട്ടില്ലെന്ന് മാത്രമല്ല വിധ്വംസകമായ പ്രവര്‍ത്തനങ്ങളാണ് നടത്തികൊണ്ടിരിക്കുന്നത്. ഞങ്ങള്‍ക്കെതിരായാണ് ഇപ്പോള്‍ അവരുടെ നീക്കം’- ഇമ്രാന്‍ ഖാനുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം ട്രംപ് ഇപ്രകാരമാണ് പറഞ്ഞത്.

Top