Terrorist Bahadur Ali’s Confession

ഡല്‍ഹി : ഇന്ത്യയിലെ ഭീകരപ്രവര്‍ത്തനം നിയന്ത്രിക്കാന്‍പാകിസ്ഥാനിലെ മുസാഫറാബാദില്‍ പ്രത്യേക കണ്‍ട്രോള്‍ റൂം പ്രവര്‍ത്തിക്കുന്നുണ്ടെന്നു പിടിയിലായ ലഷ്‌കറെ തൊയ്ബ ഭീകരന്‍ ബഹാദുര്‍ അലി.

എന്‍ഐഎയ്ക്കു നല്‍കിയ കുറ്റസമ്മതത്തിലാണ് ഇക്കാര്യം വ്യക്തമായത്. കശ്മീരിലെ സാഹചര്യം ഗുരുതരമാക്കാനാണ് ബഹാദൂര്‍ അലിയെ ഇന്ത്യയിലേക്ക് അയച്ചതെന്ന് ചോദ്യം ചെയ്യലിനു ശേഷം എന്‍ഐഎ വ്യക്തമാക്കി. ജൂലൈ 25 നാണ് ബഹാദുര്‍ അലിയെ വടക്കന്‍ കശ്മീരില്‍നിന്ന് അറസ്റ്റ് ചെയ്തത്.

മുംബൈ ഭീകരാക്രമണത്തില്‍ മുഹമ്മദ് അജ്മല്‍ കസബ് പിടിയിലായതിനു ശേഷം ഇന്ത്യന്‍ സേനയുടെ പിടിയിലാകുന്ന പ്രമുഖ ഭീകരനാണ് ബഹാദുര്‍ അലി.

ഇന്ത്യയില്‍ വമ്പന്‍ ഭീകരാക്രണത്തിന് ലക്ഷ്യമിട്ടാണ് ബഹാദുറിനെ പാകിസ്ഥാന്‍ അയച്ചതെന്നും എന്‍ഐഎ വ്യക്തമാക്കി.

ഇന്ത്യയിലെത്തിയ ബഹാദൂറിനെ മുസാഫറാബാദിലെ ലഷ്‌കറെ കേന്ദ്രത്തില്‍നിന്നു നിരന്തരം നിയന്ത്രിച്ചിരുന്നു. ഇന്ത്യയിലേക്കു പുറപ്പെടും മുമ്പ് പാകിസ്ഥാന്‍ സേനയിലെ കാപ്റ്റന്‍മാരും മേജര്‍മാരും തന്നെ ക്യാമ്പിലെത്തി സന്ദര്‍ശിച്ചിരുന്നെന്നും ബഹാദുര്‍ പറഞ്ഞു.

ലഷ്‌കറെയുടെ ഭാഗമായ ജമാത്ത് ഉദ്ദാവയിലാണ് ബഹാദുര്‍ ചേര്‍ന്നത്. പിന്നീട് ലഷ്‌കറെയിലേക്കു മാറുകയായിരുന്നു. മുസാഫര്‍ബാദിലെ ക്യാമ്പില്‍വച്ച് തനിക്ക് വമ്പന്‍ ആയുധങ്ങള്‍ ഉപയോഗിക്കുന്നതിനും ആക്രമണങ്ങള്‍ നടത്താനും പരിശീലനം ലഭിച്ചതായും ബഹാദുര്‍ പറഞ്ഞു.

കശ്മീരിലെ ആക്രമണങ്ങള്‍ക്കും പ്രശ്‌നങ്ങള്‍ക്കും പാകിസ്ഥാന്‍ വഴിവച്ചു എന്ന കേന്ദ്ര സര്‍ക്കാരിന്റെ ആരോപണങ്ങള്‍ ശരിവയ്ക്കുന്നതാണ് ബഹാദുര്‍ അലിയുടെ വെളിപ്പെടുത്തലുകള്‍. പാകിസ്താന്റെ പരിശീലനം ലഭിച്ചാണ് ഇയാള്‍ ഇന്ത്യയിലെത്തിയതെന്നു നേരത്തെ എന്‍ഐഎയും വ്യക്തമാക്കിയിരുന്നു.

Top