Terrorist attacks in Paris ; The central proposal is to strengthen the security of the Indian Cities

ന്യൂഡല്‍ഹി: പാരീസില്‍ 127 പേര്‍ കൊല്ലപ്പെട്ട ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യയില്‍ സുരക്ഷ ശക്തമാക്കാനും ജാഗ്രത പാലിയ്ക്കാനും കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശം. സൈന്യത്തിനും പൊലീസ് സേനകള്‍ക്കും സംസ്ഥാനങ്ങള്‍ക്കും ഇത് സംബന്ധിച്ച നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

വിമാനത്താവളങ്ങള്‍, റെയില്‍വേ സ്റ്റേഷനുകള്‍, ബസ് ടെര്‍മിനലുകള്‍, മാര്‍ക്കറ്റുകള്‍, തീര്‍ത്ഥാടന കേന്ദ്രങ്ങള്‍ തുടങ്ങിയ ജനനിബിഡ കേന്ദ്രങ്ങളെല്ലാം ശക്തമായ നിരീക്ഷണത്തിന് കീഴിലാക്കും.

വിദേശ രാജ്യങ്ങളുടെ എംബസികള്‍ക്കും ഹൈക്കമ്മീഷനുകള്‍ക്കും കോണ്‍സുലേറ്റുകള്‍ക്കും ശക്തമായ സുരക്ഷയൊരുക്കും. ഇവിടെ കൂടുതല്‍ പൊലീസിനെ വിന്യസിയ്ക്കാനാണ് നിര്‍ദ്ദേശം.

ഇസ്ലാമിക് സ്‌റ്റേറ്റ് രാജ്യത്തിന് ഭീഷണിയാകുന്നതായി റിസര്‍ച്ച് ആന്‍ഡ് അനാലിസിസ് വിങ് (റോ), ഇന്റിലജന്‍സ് ബ്യൂറോ (ഐബി) തുടങ്ങിയ രഹസ്യാന്വേഷണ ഏജന്‍സികള്‍ കണ്ടെത്തിയിരുന്നു.

ഇന്ത്യയിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിക്കണമെന്ന് ഐഎസ് അഹ്വാനം ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ രഹസ്യാന്വേഷണ വിഭാഗങ്ങള്‍ അമേരിക്ക,റഷ്യ അടക്കമുള്ള രാജ്യങ്ങളുമായി പ്രവര്‍ത്തിച്ചു വരികയാണ്.

നിലവില്‍ ഇന്ത്യയില്‍ നിന്നുള്ള 20 പേര്‍ ഐഎസില്‍ പ്രവര്‍ത്തിക്കുന്നതായാണു വിവരം. കൂടാതെ ഐഎസിനോട് ആഭിമുഖ്യമുള്ളവര്‍ ഇന്ത്യയിലുണ്ടെന്നാണ് അന്വേഷണത്തില്‍ കണ്ടെത്തിത്.

ഐഎസിനെ കൂടാതെ ലഷ്‌കര്‍ ഇ തയിബയും ഇന്ത്യന്‍ മുജാഹിദീനും സജീവമായ ആക്രമണ പദ്ധതികളുമായി രംഗത്തുള്ളത് കൊണ്ട് മുന്‍ കരുതലെന്ന് നിലയിലാണ് തീരുമാനമെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ വ്യക്തമാക്കി.

Top