കശ്മീരില്‍ ഭീകരാക്രമണം;പാക്ക് അധീന കശ്മീരിലുള്ളവര്‍ അതിര്‍ത്തി കടക്കരുതെന്ന് ഇമ്രാന്‍ഖാന്‍

ശ്രീഗനഗര്‍: ജമ്മുകശ്മീരില്‍ ഗ്രനേഡാക്രമണത്തില്‍ പത്ത് പേര്‍ക്ക് പരിക്കേറ്റു. ശനിയാഴ്ച രാവിലെ അനന്ത്നാഗിലെ ഡെപ്യൂട്ടി പോലീസ് കമ്മീഷണറുടെ ഓഫീസിനു നേരെയായിരുന്നു ആക്രമണമുണ്ടായത്.

ശ്രീനഗറില്‍ നിന്ന് 55 കിമി അകലെയായാണ് അനന്ത് നാഗ് ഡിസി ഓഫീസ് സ്ഥിതി ചെയ്യുന്നത്. കനത്ത സുരക്ഷാ വലയത്തിലുള്ള ഓഫീസ് ലക്ഷ്യം വെച്ച് എറിഞ്ഞ ഗ്രനേഡ് റോഡ് സൈഡില്‍ വന്ന് പതിച്ചതിനാല്‍ വലിയ ദുരന്തം ഒഴിവായി.

പരിക്ക് പറ്റിയ 10 പേരില്‍ മാധ്യമ പ്രവര്‍ത്തകരും പോലീസും ഉള്‍പ്പെടും. 12 വയസ്സുള്ള കുട്ടിക്കും പരിക്കേറ്റിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ആക്രമണത്തിന്റെ ഉത്തരവാദിത്വം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല. കശ്മീരിന്റെ പ്രത്യേക പദവി എടുത്തു മാറ്റിയ ശേഷം താഴ്വരയില്‍ ഉണ്ടാകുന്ന രണ്ടാമത്തെ ആക്രമണമാണിത്.

ഇതിനിടെ പാക് അധീന കശ്മീരിലുള്ളവര്‍ അതിര്‍ത്തി കടക്കരുതെന്ന് പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ഖാന്‍ ട്വീറ്റ് ചെയ്തു.

പാക് അധീന കശ്മീരിലുള്ളവര്‍ അതിര്‍ത്തി കടക്കുന്നതിനെ ഇസ്ലാമിക ഭീകരവാദമായി ഇന്ത്യ ചിത്രീകരിക്കുന്നെന്നാണ് ഇമ്രാന്‍ ട്വീറ്റ് ചെയ്തിരിക്കുന്നത്. ഇതിനെ ഇന്ത്യ ജമ്മുകശ്മീരിലെ നടപടികള്‍ക്ക് മറയാക്കുമെന്നും ഇമ്രാന്‍ ട്വീറ്റില്‍ പറയുന്നു.

പാക് കേന്ദ്രീകൃത ഭീകരവാദത്തിലേക്ക് ഇന്ത്യ ലോകശ്രദ്ധ തിരിക്കുമ്പോഴാണ് ട്വീറ്റിലൂടെയുള്ള ഇമ്രാന്റെ ഈ മുന്‍കൂര്‍ ജാമ്യം.

അതേസമയം കശ്മീരിലെ നടപടികള്‍ക്ക് പിന്തുണ ഉറപ്പാക്കാന്‍ ഈ മാസം 29ന് പ്രധാനമന്ത്രി നരേന്ദ്ര മോദി സൗദി അറേബ്യ സന്ദര്‍ശിക്കും.കിരീടാവകാശി മെഹാമ്മദ് ബിന്‍ സല്‍മാനുമായി മോദി നടത്തുന്ന ചര്‍ച്ചയില്‍ കശ്മീരിലെ നടപടികള്‍ വിശദീകരിക്കും.

Top