അമിത് ഷായുടെ കശ്മീര്‍ സന്ദര്‍ശനത്തിനിടയിലും ഭീകരാക്രമണം; ഒരാള്‍ കൊല്ലപ്പെട്ടു

ദില്ലി: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ സന്ദര്‍ശനത്തിനിടയിലും കശ്മീരില്‍ ഭീകരാക്രമണം. ഷോപ്പിയാനില്‍ ഒരു തദ്ദേശീയന്‍ കൂടി ആക്രമണത്തില്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു. പൂഞ്ചിലുണ്ടായ ഏറ്റുമുട്ടലില്‍ ഒരു ജവാനും, രണ്ട് പൊലീസുകാര്‍ക്കും പരിക്ക് ഏറ്റെന്നാണ് റിപ്പോര്‍ട്ട്.

രാവിലെ പത്തരയോടെയാണ് ഷോപ്പിയാനിലെ ബബാപൊരയില്‍ തീവ്രവാദി ആക്രമണം നടന്നത്. സിആര്‍പിഎഫിന് നേര നടന്ന ആക്രമണത്തില്‍ ശക്തമായ തിരിച്ചടി നല്‍കിയെന്ന് ജമ്മുകാശ്മീര്‍ പൊലീസ് വ്യക്തമാക്കി. ഒരു ജവാന് പരിക്കുണ്ട്. വെടിവെയ്പിനിടെയാണ് ഒരാള്‍ കൊല്ലപ്പെട്ടത്. ഇയാളെ തിരിച്ചറിഞ്ഞിട്ടില്ല. പ്രദേശവാസിയാണെന്ന് റിപ്പോര്‍ട്ടുണ്ട്. പ്രദേശവാസിയെങ്കില്‍ കഴിഞ്ഞ മൂന്നാഴ്ചക്കിടെ നടന്ന ആക്രമണങ്ങളില്‍ കൊല്ലപ്പെടുന്ന പതിമൂന്നാമത്തെ ആളാണ്.

പൂഞ്ച് വനമേഖലയില്‍ ഒളിച്ചിരിക്കുന്ന ഭീകര്‍ക്കായി നടത്തിയ തെരച്ചിലിലാണ് പ്രത്യാക്രമണം ഉണ്ടായത്. ഒരു ജവാനും രണ്ട് പൊലീസുകാര്‍ക്കും പരിക്കേറ്റതായാണ് റിപ്പോര്‍ട്ടുകള്‍. അമിത് ഷാ കശ്മീരില്‍ തുടരുന്ന സാഹചര്യത്തില്‍ നടന്ന തീവ്രവാദി ആക്രമണങ്ങളെ ഏറെ ഗൗരവത്തോടെയാണ് കേന്ദ്രസര്‍ക്കാര്‍ കാണുന്നത്. ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ അമിത് ഷായുടെ സുരക്ഷ കൂട്ടി. കശ്മീരിലും അതിര്‍ത്തിയും സൈനിക ബലവും പൊലീസ് വിന്യാസവും കൂട്ടിയതായാണ് സര്‍ക്കാര്‍ വ്യക്തമാക്കുന്നത്.

Top