എറണാംകുളത്ത് പിടിയിലായ ഭീകരന്‍ 10 വര്‍ഷമായി കേരളത്തില്‍; സ്‌പെഷ്യല്‍ ബ്രാഞ്ച്

കൊച്ചി: അല്‍ ഖ്വയ്ദ ബന്ധത്തെ തുടര്‍ന്ന് എറണാംകുളത്ത് പിടിയിലായ മൂന്ന് ബംഗാള്‍ സ്വദേശികളെക്കുറിച്ച് കേരള പൊലീസിന്റെ രഹസ്യാന്വേഷണവിഭാഗം അന്വേഷണം ആരംഭിച്ചു. തീവ്രവാദികളെ അറസ്റ്റ് ചെയ്തതായി കേരള ഡിജിപി സ്ഥിരീകരിച്ചു. അറസ്റ്റിലായ മൂന്ന് പേരില്‍ ഒരാളായ മൊഷറഫ് ഹുസൈന്‍ കഴിഞ്ഞ പത്ത് വര്‍ഷമായി പെരുമ്പാവൂരില്‍ ജോലി ചെയ്തു വരികയാണെന്ന് സ്‌പെഷ്യല്‍ ബ്രാഞ്ച് കണ്ടെത്തിയിട്ടുണ്ട്. മറ്റു രണ്ട് പേരും സമീപകാലത്താണ് കേരളത്തിലേക്ക് എത്തിയത് എന്നാണ് വിവരം.

ഇന്ന് പുലര്‍ച്ചെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടത്തിയ റെയ്ഡുകളിലാണ് ഇവര്‍ പിടിയിലായതെന്നാണ് എന്‍ഐഎ വാര്‍ത്താക്കുറിപ്പിലൂടെ അറിയിക്കുന്നത്. ഒമ്പത് പേരാണ് അറസ്റ്റിലായിരിക്കുന്നത്. ഇതില്‍ ആറ് പേരെ ബംഗാളിലെ മൂര്‍ഷിദാബാദില്‍ നിന്നും മൂന്ന് പേരെ എറണാകുളത്ത് നിന്നുമാണ് പിടികൂടിയത്.

ഈ മാസം 11 നാണ് രാജ്യവ്യാപകമായി പ്രവര്‍ത്തിക്കുന്ന തീവ്രവാദഗ്രൂപ്പിനെകുറിച്ച് വിവരം ലഭിച്ചത്. ഇതിന്റെ അടിസ്ഥാനത്തില്‍ വന്ന അന്വേഷണത്തിലാണ് ഇവരെ പിടികൂടിയതെന്ന് എന്‍ഐഎ വൃത്തങ്ങള്‍ പറയുന്നു. പശ്ചിമബംഗാളും കേരളവും കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന ഈ സംഘം ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലായി ആക്രമണം നടത്തിയ ആളുകളെ കൊല്ലാനാണ് പദ്ധതിയിട്ടത്. ഡിജിറ്റല്‍ ഡിവൈസുകളും, ആയുധങ്ങളും, ദേശവിരുദ്ധ ലേഖനങ്ങളും മറ്റു നിരവധി വസ്തുകളും ഇവരില്‍ നിന്നും പിടിച്ചെടുത്തിട്ടുണ്ടെന്നും എന്‍ഐഎ വ്യക്തമാക്കി.

കേരള പൊലീസിനേയോ രഹസ്യാന്വേഷണ വിഭാഗത്തെയോ അറിയിക്കാതെയാണ് എന്‍ഐഎ സംഘം ഇന്നലെ മൂന്ന് പേരേയും കസ്റ്റഡിയിലെടുത്തത്. രാവിലെ മാധ്യമങ്ങള്‍ അറസ്റ്റ് വാര്‍ത്ത പുറത്തു വിട്ടപ്പോള്‍ മാത്രമാണ് ഇക്കാര്യം സംസ്ഥാന പൊലീസ് അറിഞ്ഞത്.

പെരുമ്പാവൂരില്‍ നിന്നാണ് മൊഷറഫ് ഹുസൈനെ പിടികൂടിയത്. മുര്‍ഷിദിനെ കളമശ്ശേരിക്ക് അടുത്ത പാതാളത്തെ വാടക കെട്ടിട്ടത്തില്‍ നിന്നുമാണ് പിടികൂടിയത്. ഇവര്‍ സ്ഥിരമായി ജോലിക്ക് പോകുന്നവരായിരുന്നില്ലെന്നും പകല്‍ മുഴുവന്‍ ഇന്റര്‍നെറ്റില്‍ സമയം ചിലവഴിക്കുന്നതായിരുന്നു ഇവരുടെ രീതി. പാതാളത്ത് നിന്നും പിടിയിലായ മുര്‍ഷിദില്‍ നിന്നും ലാപ്പ് ടോപ്പും രണ്ട് മൊബൈലുകളും എന്‍ഐഎ പിടികൂടിയിട്ടുണ്ട്.

ലോക്ക് ഡൗണിന്റെ ഇടയിലാണ് മുര്‍ഷിദ് ഞങ്ങളുടെ റൂമിലേക്ക് വരുന്നത്. ആഴ്ചയില്‍ രണ്ട് ദിവസമൊക്കെയേ ജോലിക്ക് പോകൂ. അല്ലാത്ത സമയത്തെല്ലാം റൂമില്‍ തന്നെ കാണും. വീട്ടില്‍ അത്യാവശ്യം സാമ്പത്തിക ഭദ്രതയുള്ളതിനാലാണ് ജോലിക്ക് പോകാതിരിക്കുന്നതെന്നാണ് അവന്‍ ഞങ്ങളോട് പറഞ്ഞിരുന്നത് – മുര്‍ഷിദിനൊപ്പം താമസിച്ചിരുന്ന അന്യസംസ്ഥാന തൊഴിലാളി പറഞ്ഞു.

കളമശ്ശേരിക്ക് അടുത്ത പാതാളത്തെ എസ്ബിഐ ബ്രാഞ്ചിന് സമീപമുള്ള കെട്ടിട്ടത്തില്‍ നിന്നാണ് മുര്‍ഷിദിനെ എന്‍ഐഎ സംഘം കസ്റ്റഡിയില്‍ എടുത്തത്. പെരുമ്പാവൂരിലെ തുണിക്കടയില്‍ ജോലി ചെയ്യുകയായിരുന്നു ഇയാള്‍. മുര്‍ഷിദും നേരത്തെ പെരുമ്പാവൂരില്‍ തങ്ങിയിരുന്നുവെന്നാണ് പുറത്തു വരുന്ന വിവരം.

Top