തീവ്രവാദവും, ഭയവും ലോകം അഭിമുഖീകരിക്കുന്ന ഭീഷണികൾ ; ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ്

മോസ്കോ: ഭീകരതയും, ഭയവും ലോകം നേരിടുന്ന രണ്ട് ഭീഷണികളാണെന്നും, ഇന്ത്യ ഭീകരത ഉന്മൂലനം ചെയ്യാൻ പരിശ്രമിക്കുന്നുണ്ടെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ്.

മോസ്കോയിൽ ഇന്ത്യക്കാരെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സെക്യൂരിറ്റി, ഭീകരത, തീവ്രവാദം, മയക്കുമരുന്നു കടത്തൽ, കള്ളക്കടത്ത് തുടങ്ങിയ പ്രവർത്തനങ്ങൾക്കെതിരെ ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം ശക്തിപ്പെടുത്തുകയാണ് ആഭ്യന്തരമന്ത്രിയുടെ മൂന്ന് ദിവസത്തെ റഷ്യൻ സന്ദർശനം ലക്ഷ്യമാക്കുന്നത്.

ഭീകരതയെ നിയന്ത്രിക്കാനും നുഴഞ്ഞുകയറ്റ ഭീകരരെ ഇല്ലാതാക്കാനുമായി പരിശ്രമിക്കുന്ന ഇന്ത്യൻ പട്ടാളക്കാരുടെ ദൃഢനിശ്ചയത്തെക്കുറിച്ചും , കേന്ദ്ര സർക്കാരിന്റെ നടപടികളെക്കുറിച്ചും രാജ്നാഥ് സിംഗ് വിശദീകരിച്ചു.

റഷ്യ നൽകിയ സ്വീകരണത്തിൽ സംതൃപ്തി പ്രകടിപ്പിച്ച അദ്ദേഹം റഷ്യൻ മേധാവിയുമായി ചർച്ച നടത്തിയിരുന്നു.

ഇന്ത്യയും റഷ്യയും തമ്മിലുള്ള ബന്ധത്തിന്റെ നീണ്ട ചരിത്രവും അടിത്തറയും ചൂണ്ടിക്കാണിച്ചുകൊണ്ട്, ‘ഇന്ത്യയുടെ ഏറ്റവും വിശ്വസനീയ സുഹൃത്തുക്കളിൽ ഒന്നാണ് റഷ്യ’ എന്ന് വിശേഷിപ്പിച്ചു.

റഷ്യയിൽ ഇന്ത്യക്കാർ നടത്തുന്ന പ്രവർത്തനങ്ങളെ അഭിനന്ദിച്ച അദ്ദേഹം ഭാരതത്തിന്റെ സാംസ്കാരിക പ്രതിനിധികളാണ് ഇവിടുത്തെ ഓരോ ഇന്ത്യക്കാരനെന്നും ചൂണ്ടിക്കാട്ടി.

ഇന്ത്യയും നിങ്ങളും തമ്മിലുള്ള അകലം കുടുതലായിരിക്കും ഒരിക്കലും ഒരു വൈകാരിക ദൂരം ഉണ്ടാകില്ലെന്നും ആഭ്യന്തരമന്ത്രി കൂട്ടിച്ചേർത്തു.

Top