ഭീകരവാദം മനുഷ്യാവകാശങ്ങളുടെ അടിസ്ഥാനപരമായ ലംഘനം; രാജ് കുമാര്‍ ചന്ദര്‍

flag

ജനീവ: കശ്മീര്‍ വിഷയത്തില്‍ യുഎന്‍ ഹൈക്കമ്മഷീണറുടെ പരാമര്‍ശത്തിനെതിരെ ശക്തമായ പ്രതിഷേധം അറിയിച്ച് ഇന്ത്യ. മനുഷ്യാവകാശ കമ്മീഷന്‍ അംഗം സെയ്ദ് റാദ് അല്‍ഹുസൈന്റെ കാശ്മീര്‍ പ്രശ്‌നത്തെ കുറിച്ചുള്ള പരാമര്‍ശത്തിനെതിരെയാണ് ഇന്ത്യ പ്രതികരിച്ചത്. ജനീവയില്‍ മനുഷ്യാവകാശ കൗണ്‍സിലിന്റെ 37-ാമത് സമ്മേളനത്തില്‍ സംസാരിക്കുന്നതിനിടെയായിരുന്നു ഇന്ത്യയുടെ യുഎന്‍ അംബാസഡറും, യുഎന്‍ സ്ഥിരാംഗവുമായ രാജ് കുമാര്‍ ചന്ദര്‍ ഇന്ത്യയുടെ പ്രതിഷേധം അറിയിച്ചത്.

കശ്മീരിനെ സംബന്ധിച്ച് നിയന്ത്രണ രേഖകളുടെ ഇരുവശങ്ങളിലും കലാപം രൂക്ഷമാണ്. അതിനേക്കാള്‍ വലുത് ഇന്ത്യയിലുള്ള പട്ടിക വിഭാഗക്കാരോടും, മുസ്ലിം ന്യൂനപക്ഷങ്ങളും കാണിക്കുന്ന അവഗണനയും വിവേചനവുമാണെന്നും, അതേസമയം, ഇവര്‍ക്കിടയില്‍ അക്രമം വര്‍ധിച്ചു വരികയാണെന്നും ഹുസൈന്‍ പറഞ്ഞു. ചിലയിടങ്ങളില്‍ ഇത്തരം അനീതിക്ക് മത വിഭാഗങ്ങളുടെ പൂര്‍ണ്ണ പിന്തുണയും ലഭിക്കുന്നുണ്ടെന്നും അദ്ദേഹം കുറ്റുപ്പെടുത്തിയിരുന്നു.

നേരത്തെ, ഇന്ത്യയില്‍ വര്‍ധിച്ചു വരുന്ന മത അസഹിഷ്ണുതയുടേയും അഭിപ്രായ പ്രകടന സ്വാതന്ത്ര്യത്തിനെതിരെയുള്ള ആക്രമണങ്ങളേയും അദ്ദേഹം നിശിതമായി വിമര്‍ശിച്ചിരുന്നു. ഇന്ത്യയില്‍ മനുഷ്യാവകാശങ്ങള്‍ക്കായി ശബ്ദമുയര്‍ത്തുന്നവര്‍ക്ക് നേരെ ഭീഷണിയുയരുന്നുവെന്നും കഴിഞ്ഞ വാര്‍ഷിക സമ്മേളനത്തിലും സെയ്ദ് അഭിപ്രായപ്പെട്ടിരുന്നു.

എന്നാല്‍ , ഹുസൈന്റെ കശ്മീരിലെ പ്രവര്‍ത്തനം ഇന്ത്യയില്‍ യാതൊരു മാറ്റവും വരുത്തിയിട്ടില്ലെന്നും കാശ്മീരിലെ സാഹചര്യം മുമ്പത്തേക്കാള്‍ വഷളായിരിക്കുകയാണെന്നും ചന്ദര്‍ പറഞ്ഞു. നുഴഞ്ഞു കയറ്റവും,ഭീകരവാദമാണ് ഇന്ന് ഇന്ത്യ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയെന്നും ഇത് മനുഷ്യാവകാശങ്ങളുടെ അടിസ്ഥാനപരമായ ലംഘനമാണെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, ഹുസൈന്റെ ഇത്തരം പ്രസ്താവനകള്‍ മനുഷ്യാവകാശത്തെ ലംഘിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.

രാജ്യ സുരക്ഷയ്ക്ക് വേണ്ടി പലപ്പോഴും സര്‍ക്കാരിന് പല കാര്യങ്ങളിലും കടുത്ത തീരുമാനങ്ങള്‍ എടുക്കേണ്ടി വന്നിട്ടുണ്ട്. അത് ചിലപ്പോള്‍ രാജ്യദ്രോഹപരമായകാര്യങ്ങളിലും, അനധികൃത എന്‍ജിഒ പ്രവര്‍ത്തനങ്ങള്‍ക്കെതിരെയുമാണെന്ന് ചന്ദര്‍ സൂചിപ്പിച്ചു. അതേസമയം, രാജ്യത്ത് കൂണുകള്‍ പോലെ മുളച്ചു വരുന്ന എന്‍ജിഒകളുടെ വര്‍ധനവില്‍ നിയന്ത്രണം വരുത്താന്‍ ശ്രദ്ധിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

മതം, ജാതി, ലിംഗം, ജന്മസ്ഥലം എന്നിവയുടെ കാര്യത്തില്‍ കാശ്മീരില്‍ ആര്‍ക്കും വിവേചനം നേരിട്ടിട്ടില്ല. അത്തരം വിവേചനം ഇന്ത്യന്‍ ഭരണഘടന നിരോധിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമെന്ന രീതിയില്‍ സഹിഷ്ണുതയോടെയും, പരസ്പര ധാരണയോടെയുമാണ് ഇന്ത്യന്‍ രാഷ്ട്രീയം മുന്നോട്ടു പോകുന്നതെന്നും അദ്ദേഹം പറഞ്ഞു. നിയമപരമായ ചട്ടക്കൂടില്‍ മനുഷ്യാവകാശങ്ങളും പാലിക്കുന്നുണ്ടെന്നും, ഇന്ത്യയിലെ എല്ലാ പൗരന്മാരുടേയും ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് വ്യവസ്ഥാപരമായ സമീപനത്തിലൂടെയാണ് ഇടപ്പെടുന്നതെന്നും ചന്ദര്‍ പറഞ്ഞു.

‘സബ്ക്കാ സാത്ത് സബ്ക്കാ വിശ്വാസ് ‘ എന്ന മുദ്രാ വാക്യം എല്ലാവരെയും ഒരുമിച്ച് നിര്‍ത്തുകയാണെന്നും അതിന് നാം ഓരോരുത്തരും ബാധ്യസ്ഥരാണെന്നും അദ്ദേഹം പറഞ്ഞു.

Top