ഒടുവില്‍ കുറ്റസമ്മതം ; രാജ്യത്ത് ഭീകര സംഘടനകള്‍ അഴിഞ്ഞാടുന്നുണ്ടെന്ന് പാക്കിസ്ഥാന്‍

ഇസ്ലാമബാദ്: രാജ്യത്ത് ഭീകര സംഘടനകള്‍ അഴിഞ്ഞാടുന്നുണ്ടെന്ന് തുറന്ന് സമ്മതിച്ച് പാക്കിസ്ഥാന്‍.

ഭീകര സംഘടനകള്‍ പാക്കിസ്ഥാനിലുണ്ടെന്നും അവര്‍ സജീവമായി പ്രവര്‍ത്തിക്കുന്നുണ്ടെന്നും പാക്ക് വിദേശകാര്യ മന്ത്രി ഖ്വാജ അസീഫ് പറഞ്ഞു.

പാക്കിസ്ഥാന്‍ മാധ്യമമായ ജിയോ ടിവിക്ക് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്.

‘പാക്കിസ്ഥാനില്‍ ഭീകരര്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും, അതിന് ആശ്ചര്യപ്പെടേണ്ടതില്ലെന്നും, ഭീകര സംഘടനകളായ ലഷ്‌കറെ ത്വയ്ബ, ജെയ്ഷ ഇ മൊഹമ്മദ് തുടങ്ങി സംഘടനകള്‍ രാജ്യത്തിനകത്തുണ്ടെന്നും, അവര്‍ രാജ്യത്ത് നിന്നുമാണ് പ്രവര്‍ത്തനം നടത്തുന്നതെന്നും അസീഫ് തുറന്ന് സമ്മതിച്ചു.

ലഷ്‌കറെ ത്വയ്ബ പോലുള്ള ഭീകര സംഘടനകളെ രാജ്യത്ത് നിരോധിച്ചതാണ്, എങ്കിലും അവര്‍ രാജ്യത്ത് സജീവ സാന്നിധ്യമായി തുടരുന്നുണ്ടെന്നും, മൂന്ന് വര്‍ഷമായി അവര്‍ക്കെതിരെ തങ്ങള്‍ യുദ്ധം ചെയ്യുന്നുമുണ്ടെന്നും അസീഫ് വ്യക്തമാക്കി.

ലഷ്‌കറെ ത്വയ്ബ്, ജെയ്ഷ ഇ മൊഹമ്മദ് തുടങ്ങിയ ഭീകര സംഘടനകള്‍ പാക്കിസ്ഥാനില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ബ്രിക്‌സ് ഉച്ചകോടിയില്‍ ലോകരാജ്യങ്ങള്‍ ആരോപിച്ചിരുന്നു. ഇതിനെ ശരിവയ്ക്കുന്ന പ്രസ്താവനയാണ് പാക്ക് വിദേശകാര്യ മന്ത്രി ഇപ്പോള്‍ പറഞ്ഞിരിക്കുന്നത്.

Top