ഡല്‍ഹിയില്‍ ലണ്ടന്‍ മോഡല്‍ ഭീകരാക്രമണ ഭീഷണി ; രാജ്യമെങ്ങും കനത്ത ജാഗ്രത

ന്യൂഡല്‍ഹി: അന്താരാഷ്ട്ര യോഗ ദിനത്തോടനുബന്ധിച്ച് ഡല്‍ഹിയില്‍ ഭീകരാക്രമണ സാധ്യതയെന്ന് രഹസ്യാന്വേഷണ ഏജന്‍സി. ഭീഷണിയെതുടര്‍ന്ന് രാജ്യമെങ്ങും കനത്ത ജാഗ്രതാ നിര്‍ദേശം നല്‍കി.

ഡല്‍ഹി കൊണാട്ട് പ്ലേസില്‍ ലണ്ടന്‍ ഭീകരാക്രമണത്തിന്റെ മാതൃകയില്‍ ഭീകരര്‍ ആക്രമണം നടത്താന്‍ പദ്ധതിയിട്ടിട്ടുണ്ടെന്നാണു വിവരം. അതനുസരിച്ച് കൊണാട്ട് പ്ലേസ് ഉള്‍പ്പെടെ ഡല്‍ഹിയിലെ ആഘോഷങ്ങള്‍ നടക്കുന്നതും ആള്‍ക്കൂട്ടമുള്ളതുമായ പ്രദേശങ്ങളിലേക്കു വാഹനങ്ങളൊന്നും പോലീസ് കടത്തിവിടുന്നില്ല.

ബാരിക്കേഡ് സ്ഥാപിച്ചു പലയിടത്തും ഗതാഗതം തടഞ്ഞിരിക്കുകയാണ്. കാല്‍നട യാത്രക്കാരെ മാത്രമെ കടത്തിവിടുന്നുള്ളൂ. ത്രിതല സുരക്ഷാസംവിധാനമാണു ഡല്‍ഹിയില്‍ നടപ്പാക്കിയിരിക്കുന്നതെന്നു പോലീസ് പറഞ്ഞു. ഡല്‍ഹിയില്‍ വാഹനങ്ങള്‍ക്കും കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

രാജ്യത്തെ തിരക്കേറിയ സ്ഥലങ്ങള്‍, വിനോദസഞ്ചാര കേന്ദ്രങ്ങള്‍, വലിയ വ്യാപാര കേന്ദ്രങ്ങള്‍, വിമാനത്താവളങ്ങള്‍, റെയില്‍വേ സ്റ്റേഷനുകള്‍, ബസ് സ്റ്റാന്‍ഡുകള്‍ തുടങ്ങിയവയാണ് ഭീകരരുടെ ലക്ഷ്യമെന്ന് മുന്നറിയിപ്പില്‍ പറയുന്നു.

Top