പാക്കിസ്ഥാന്‍ ഭീകരരെ സംരക്ഷിക്കുന്ന രാജ്യം ; തു​റ​ന്ന​ടി​ച്ച്‌ ഇ​ന്ത്യ

ജനീവ: കശ്മീര്‍ വിഷയത്തിലെ പാക്കിസ്ഥാന്റെ പരാമര്‍ശങ്ങളെ തള്ളി ഇന്ത്യ. പാക്കിസ്ഥാന്‍ ഭീകരരെ സംരക്ഷിക്കുന്ന രാജ്യമാണെന്ന് ഇന്ത്യ തുറന്നടിച്ചു.

ആഗോള ഭീകരതയുടെ പ്രഭവ കേന്ദ്രമാണ് പാക്കിസ്ഥാനെന്ന് ഏവര്‍ക്കും അറിയാം. അങ്ങനെയുള്ള പാക്കിസ്ഥാന്‍ രാജ്യത്തിന്റെ ആഭ്യന്തരകാര്യങ്ങളില്‍ ഇടപെടേണ്ടെന്നും ഇന്ത്യ ഐക്യരാഷ്ട്രസഭാ മനുഷ്യാവകാശ കൗണ്‍സിലില്‍ നിലപാടെടുത്തു. വിദേശകാര്യ വക്താവ് വിജയ് സിംഗ് താക്കൂറാണ് രാജ്യത്തിന്റെ നിലപാട് വ്യക്തമാക്കിയത്.

അതേസമയം കശ്മീരില്‍ ഐക്യരാഷ്ട്രസഭയുടെ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ടു കൊണ്ട് വീണ്ടും പാക്കിസ്ഥാന്‍ രംഗത്തെത്തിയിരുന്നു.

യു.എന്‍ മനുഷ്യാവകാശ കൗണ്‍സില്‍ യോഗത്തില്‍ പാക്ക് വിദേശകാര്യ മന്ത്രി ഷാ മെഹ്മൂദ് ഖുറേഷിയാണ് ഇത്തരത്തില്‍ ആവശ്യമുന്നയിച്ചത്. കശ്മീരില്‍ മനുഷ്യാവകാശങ്ങള്‍ ചവിട്ടിമെതിയ്ക്കുകയാണെന്നും 80 ലക്ഷത്തോളം കശ്മീരികള്‍ സൈന്യത്തിന്റെ തടവറയിലാണെന്നുമുള്ള ആരോപണമാണ് പാക്ക് മന്ത്രി ഉന്നയിച്ചിരിക്കുന്നത്.

കശ്മീര്‍ ഇന്ത്യയുടെ ഭാഗം തന്നെയാണെന്നും ഇന്ത്യന്‍ സംസ്ഥാനമായ ജമ്മു-കശ്മീര്‍ എന്ന് വിശേഷിപ്പിച്ചു കൊണ്ട് അദ്ദേഹം ഐക്യരാഷ്ട്രസഭ മനുഷ്യാവകാശ കൗണ്‍സിലില്‍ സംസാരിച്ചു.

കശ്മീരിലെ വ്യാപാരസ്ഥാപനങ്ങളില്‍ ആവശ്യവസ്തുക്കള്‍ക്ക് ക്ഷാമം നേരിടുന്നുണ്ടെന്നും അടിയന്തിര വൈദ്യസഹായം പോലും ലഭിക്കുന്നില്ലെന്നും ഖുറേഷി ആരോപണവും ഉന്നയിച്ചു.

കശ്മീരിലെ വ്യാപാരസ്ഥാനങ്ങളില്‍ ആവശ്യവസ്തുക്കള്‍ക്ക് ക്ഷാമം നേരിടുന്നുണ്ട്. അടിയന്തിര വൈദ്യസഹായം പോലും ലഭിക്കുന്നില്ല. കശ്മീരില്‍ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ നടപടി നിയമവിരുദ്ധമാണ്. അത് ഇന്ത്യയുടെ ആഭ്യന്തരവിഷയം മാത്രമല്ല, ഖുറേഷി വ്യക്തമാക്കി.

Top