പുതുവല്‍സരത്തില്‍ ഭീകരാക്രമണ സാധ്യത ; രാജ്യത്തെ വിമാനത്താവളങ്ങളില്‍ കര്‍ശന ജാഗ്രത

ന്യൂഡല്‍ഹി: പുതുവല്‍സരത്തില്‍ ഭീകരാക്രമണ സാധ്യതയുള്ളതിനാല്‍ രാജ്യത്തെ വിമാനത്താവളങ്ങളിലെല്ലാം കര്‍ശന ജാഗ്രതാ നിര്‍ദേശം.

ദേഹപരിശോധനയും ബാഗേജ് പരിശോധനയും കര്‍ശനമാക്കാന്‍ രാജ്യത്തെ വിമാനത്താവളങ്ങള്‍ക്ക് ബ്യൂറോ ഓഫ് സിവില്‍ ഏവിയേഷന്‍ സെക്യൂരിറ്റി(ബിസിഎഎഫ്) നിര്‍ദേശം നല്‍കി.

രാജ്യം മുഴുവന്‍ പുതുവര്‍ഷം ആഘോഷിക്കുന്ന സമത്ത് പല തവണയും ഭീകരാക്രമണ നീക്കങ്ങള്‍ ഉണ്ടാകുന്നതിനാലാണ് കര്‍ശന ജാഗ്രതാ നിര്‍ദേശം നല്‍കിയതെന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

പാക്കിസ്ഥാന്‍ കേന്ദ്രമായുള്ള ഭീകരര്‍ രാജ്യത്തിനെതിരെ ആക്രമണം നടത്താനുള്ള സാധ്യതയുണ്ടെന്നും, മാത്രമല്ല ഐഎസ് ആഹ്വാന പ്രകാരമുള്ള ആക്രമണങ്ങളും ലോകത്തിന്റെ പലഭാഗത്തും നടന്നു വരുന്നുണ്ടെന്നും, ചാവേര്‍ ആക്രമണം, സ്‌ഫോടക വസ്തുക്കള്‍ നിറച്ച വാഹനങ്ങള്‍ ഉപയോഗിച്ചുള്ള ആക്രമണങ്ങള്‍, വാഹനങ്ങള്‍ ജനക്കൂട്ടത്തിലേക്ക് ഇടിച്ചുകയറ്റുന്ന രീതി തുടങ്ങിയ രീതികളാണ് ഇവിടങ്ങളില്‍ ഉപയോഗിക്കുന്നതെന്നും, അതുകൊണ്ട് തന്നെ സുരക്ഷാ കാരണങ്ങളില്‍ യാതൊരു വിട്ടുവീഴ്ചയും വരുത്തരുതെന്നും ബിസിഎഎഫ് മേധാവി രാജേഷ് കുമാര്‍ ചന്ദ്ര കുറിപ്പിലൂടെ വ്യക്തമാക്കി.

ടെര്‍മിനല്‍ ബില്‍ഡിങ്, ഓപ്പറേഷനല്‍ ഏരിയ, ഏവിയേഷന്‍ ഫെസിലിറ്റീസ് എന്നിവിടങ്ങളിലെല്ലാം ആളുകള്‍ കടക്കുന്നതിന് കര്‍ശന നിയന്ത്രണമേര്‍പ്പെടുത്തുക, കാര്‍പാര്‍ക്കിങില്‍ നിര്‍ത്തിയിട്ടിരിക്കുന്ന കാറുകളടക്കം പരിശോധിക്കുക, ബോംബ് സ്‌ക്വാഡ്, ഡോഗ് സ്‌ക്വാഡ് തുടങ്ങിയവയെ ഫലപ്രദമായി ഉപയോഗിക്കുക, ദ്രുതകര്‍മസേനയുടെ പട്രോളിങ് ശക്തമാക്കുക, തുടങ്ങിയ കാര്യങ്ങളാണ് നിര്‍ദേശങ്ങളിലുള്ളത്.

Top