സൊമാലിയയിലെ ഹോട്ടലില്‍ സ്‌ഫോടനം; ഏഴുപേര്‍ കൊല്ലപ്പെട്ടു

മൊഗാദിഷു: സൊമാലിയയിലെ ഹോട്ടലിലുണ്ടായ ഭീകരാക്രമണത്തില്‍ വിദേശമാധ്യമപ്രവര്‍ത്തകരുള്‍പ്പെടെ ഏഴുപേര്‍ കൊല്ലപ്പെട്ടു. നിരവധിപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. തെക്കന്‍ സൊമാലിയയിലെ കിസ്‌മോയിലെ ഹോട്ടലിലാണ് ആക്രമണം ഉണ്ടായത്. ആക്രമണം നടക്കുന്ന സമയം ഹോട്ടലിനുള്ളില്‍ ചില പ്രാദേശിക രാഷ്ട്രീയ നേതാക്കളും ഉണ്ടായിരുന്നു. വരുന്ന തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നേതാക്കള്‍ തമ്മില്‍ ചര്‍ച്ച നടക്കവെയാണ് സ്‌ഫോടനം നടന്നത്.

സ്‌ഫോടക വസ്തുക്കള്‍ നിറച്ച കാര്‍, ചാവേര്‍ ഹോട്ടലിലേക്ക് ഓടിച്ചുകയറ്റി സ്‌ഫോടനം നടത്തുകയായിരുന്നു. തുടര്‍ന്ന് തോക്കുധാരികള്‍ ഹോട്ടലില്‍ പ്രവേശിച്ച് വെടിവയ്ക്കുകയും ചെയ്തു. ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവരില്‍ കനേഡിയന്‍ മാധ്യമപ്രവര്‍ത്തക ഹൊദാന്‍ നലായെയും ഭര്‍ത്താവും ഉള്‍പ്പെടുന്നു. അതേസമയം ആക്രമണത്തിന്റെ ഉത്തരവാദിത്വം ഇസ്ലാമിക് ഭീകരസംഘടനയായ അല്‍ഷബാബ് ഏറ്റെടുത്തു.

Top