ഭീകരതയുടെ എല്ലാ രൂപങ്ങളെയും എതിര്‍ക്കുന്നു ; ക്രൈസ്റ്റ്ചര്‍ച്ച് വെടിവയ്പില്‍ അപലപിച്ച് പ്രധാനമന്ത്രി

ന്യൂഡല്‍ഹി: ന്യൂസിലന്‍ഡിലെ ക്രൈസ്റ്റ്ചര്‍ച്ച് വെടിവയ്പില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ദുഃഖം രേഖപ്പെടുത്തി. ഭീകരാക്രമണത്തെ അപലപിച്ച് ന്യൂസിലന്‍ഡ് പ്രധാനമന്ത്രി ജസീന്ത ആര്‍ഡേണിന് മോദി കത്തയച്ചു.

ആരാധനാലയത്തിലുണ്ടായ ആക്രമണത്തില്‍ നിരപരാധികളുടെ ജീവന്‍ നഷ്ടപ്പെട്ടതില്‍ ഞെട്ടലും ദുഃഖവും രേഖപ്പെടുത്തുന്നുവെന്ന് മോദി കത്തില്‍ കുറിച്ചു. ആക്രമണത്തിനിരയായവരുടെ ദുഃഖത്തില്‍ പങ്കു ചേരുന്നുവെന്നും പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്നവര്‍ വേഗം സുഖം പ്രാപിക്കട്ടെയെന്ന് പ്രാര്‍ഥിക്കുന്നുവെന്നും മോദി കത്തില്‍ പറഞ്ഞു. ഭീകരതയുടെ എല്ലാ രൂപങ്ങളെയും ഇന്ത്യ എതിര്‍ക്കുന്നുവെന്ന് മോദി കൂട്ടിച്ചേര്‍ത്തു.

ന്യൂസീലൻഡിലെ ക്രൈസ്റ്റ്ചർച്ചിലെ മുസ്ലീംപള്ളികൾക്ക് നേരെയുണ്ടായ ഭീകരാക്രമണത്തിൽ 49 പേർ കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചു. മുസ്ലീം മതത്തോട് കടുത്ത വിദ്വേഷമുണ്ടായിരുന്ന വലതുപക്ഷ ഭീകരവാദിയായ ഓസ്ട്രേലിയൻ പൗരനാണ് ആക്രമണം നടത്തിയവരിൽ ഒരാൾ. ആക്രമണവുമായി ബന്ധപ്പെട്ട് നാല് പേരെ ന്യൂസീലൻഡ് പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

ലോകത്തെ ‍ഞെട്ടിച്ച ആക്രമണം അക്രമി സ്വന്തം ട്വിറ്റർ അക്കൗണ്ടിലൂടെ ലൈവായി സംപ്രേഷണം ചെയ്യുകയും ചെയ്തു. ഒരു തോക്കിന്‍റെ മുനയിൽ നിരവധി പേർ മരിച്ചു വീഴുന്ന ദൃശ്യങ്ങളാണ് അക്രമി തത്സമയം പുറത്തുവിട്ടത്.

Top