Terror Attack At Army Base In Jammu And Kashmir’s Uri

ശ്രീനഗര്‍: ജമ്മു കശ്മീരിലെ ഉറിയില്‍ സൈനിക ബ്രിഗേഡ് ആസ്ഥാനത്തിനുനേര്‍ക്കു നടന്ന ഭീകരാക്രമണത്തില്‍ 17 സൈനികര്‍ കൊല്ലപ്പെട്ടു. 20 പേര്‍ക്ക് പരിക്കേറ്റു.

2014നു ശേഷം കശ്മീരിലുണ്ടാകുന്ന ഏറ്റവും വലിയ ഭീകരാക്രമണമാണിത്.

അതിര്‍ത്തിയിലെ നിയന്ത്രണരേഖയ്ക്കടുത്തുള്ള ആസ്ഥാനത്തിനു നേരെയാണ് ആക്രമണമുണ്ടായിരിക്കുന്നത്. ശ്രീനഗര്‍-മുസഫറാബാദ് ഹൈവേയ്ക്കരികിലാണു സൈനിക കേന്ദ്രം.

ഞായറാഴ്ച പുലര്‍ച്ചെ അഞ്ചരയോടെയാണ് ആക്രമണമുണ്ടായത്. നാല് ഭീകരര്‍ നിയന്ത്രണ മേഖല ലംഘിച്ച് കടന്നതായാണ് റിപ്പോര്‍ട്ട്.

ആക്രമണത്തില്‍ ചില ബാരക്കുകള്‍ക്കു തീപിടിച്ചു.പ്രദേശത്ത് വന്‍ ശബ്ദത്തോടെയുള്ള സ്‌ഫോടനങ്ങള്‍ നടന്നതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

സൈനിക യൂണിഫോം ധരിച്ചെത്തിയ ഭീകരര്‍ സുരക്ഷാവലയം ഭേദിച്ച് സൈനിക ആസ്ഥാനത്ത് കടന്നുകയറുകയായിരുന്നു. ഇതിനു ശേഷമാണ് ആക്രമണം അഴിച്ചുവിട്ടത്. പരിക്കേറ്റവരെ ഹെലിക്കോപ്റ്ററില്‍ സമീപത്തെ ആശുപത്രിയിലെത്തിച്ചു. ഇതില്‍ മൂന്നു പേരുടെ നില ഗുരുതരമാണ്.

ചാവേറുകളായെത്തിയ മൂന്ന് ഭീകരരാണ് കടന്നുകയറിയതെന്നും ഇവരെ വധിച്ചതായും സൈന്യം അറിയിച്ചു.ഇവിടെ സൈന്യവും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍ തുടരുകയാണ്.

ആക്രമണത്തെ തുടര്‍ന്ന് സംസ്ഥാനത്ത് സൈന്യം അതീവ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിരിക്കുകയാണ്.

ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ആഭ്യന്തരമന്ത്രി രാജ്‌നാഥ് രാജ്‌നാഥ് സിങ് നടത്താനിരുന്ന റഷ്യ, യുഎസ് സന്ദര്‍ശനം നീട്ടിവെച്ചു.

Top