കാലാവധി അവസാനിക്കുന്നു; ഏഴ് കേന്ദ്രമന്ത്രിമാരെ വീണ്ടും രാജ്യസഭയിലേയ്ക്ക് നാമനിര്‍ദ്ദേശം ചെയ്യാതെ ബിജെപി

ഡല്‍ഹി : കാലാവധി അവസാനിക്കുന്ന ഏഴ് കേന്ദ്രമന്ത്രിമാരെ വീണ്ടും രാജ്യസഭയിലേയ്ക്ക് നാമനിര്‍ദ്ദേശം ചെയ്യാതെ ബിജെപി. വരാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കുന്നതിന് വേണ്ടിയാണ് ഇവരെ രാജ്യസഭയിലേയ്ക്ക് വീണ്ടും നാമനിര്‍ദ്ദേശം ചെയ്യാത്തതെന്നാണ് സൂചനകള്‍. ഗുജറാത്തില്‍ നിന്നുള്ള രാജ്യസഭാ അംഗമായ ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ, മധ്യപ്രദേശിനെ പ്രതിനിധീകരിക്കുന്ന വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍, കര്‍ണാടകയില്‍ നിന്നും രാജ്യസഭയിലെത്തിയ ജൂനിയര്‍ ഐടി മന്ത്രി രാജീവ് ചന്ദ്രശേഖര്‍, പരിസ്ഥിതി മന്ത്രി ഭൂപേന്ദര്‍ യാദവ്, ഫിഷറീസ് മന്ത്രി പര്‍ഷോത്തം രൂപാല, മൈക്രോ, ചെറുകിട, ഇടത്തരം വ്യവസായ മന്ത്രി നാരായണ്‍ റാണെ, വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍ എന്നിവരെ ബിജെപി വീണ്ടും രാജ്യസഭയിലേയ്ക്ക് നാമനിര്‍ദ്ദേശം ചെയ്തിട്ടില്ല.

നിലവില്‍ രാജ്യസഭയിലേയ്ക്ക് വീണ്ടും നാമനിര്‍ദ്ദേശം ചെയ്യാത്ത ഏഴ് പേരെയും വിവിധ സംസ്ഥാനങ്ങളിലെ ലോക്സഭാ മണ്ഡലങ്ങളില്‍ നിന്ന് മത്സരിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ട്. ധര്‍മ്മേന്ദ്ര പ്രധാന്‍ സ്വന്തം സംസ്ഥാനമായ ഒഡീഷയിലെ സംബല്‍പൂരില്‍ നിന്നോ ധേക്‌നാലില്‍ നിന്നോ മത്സരിച്ചേക്കുമെന്നാണ് സൂചന. ഭൂപേന്ദ്ര യാദവ് രാജസ്ഥാനിലെ അല്‍വാറില്‍ നിന്നോ മഹേന്ദ്രഗഡില്‍ നിന്നോ മത്സരിച്ചേക്കും, രാജീവ് ചന്ദ്രശേഖറിനെ ബെംഗളൂരുവിലെ നാല് സീറ്റുകളിലൊന്നില്‍ മത്സരിപ്പിക്കുമെന്നാണ് സൂചന. കേരളത്തില്‍ തിരുവനന്തപുരത്ത് നിന്നും രാജീവ് ചന്ദ്രശേഖറിനെ മത്സരിപ്പിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. മന്‍സുഖ് മാണ്ഡവ്യ ഗുജറാത്തിലെ ഭാവ്നഗറില്‍ നിന്നോ സൂററ്റില്‍ നിന്നോ മത്സരിച്ചേക്കും. പര്‍ഷോത്തം രൂപാലയ്ക്ക് ഗുജറാത്തിലെ രാജ്കോട്ടില്‍ നിന്ന് അവസരം ലഭിച്ചേക്കാം. വി മുരളീധരന്‍ സ്വന്തം സംസ്ഥാനമായ കേരളത്തിലെ ആറ്റിങ്ങലില്‍ നിന്നും മത്സരിക്കുമെന്നാണ് സൂചനകള്‍.

രണ്ട് കേന്ദ്രമന്ത്രിമാര്‍ക്ക് മാത്രമാണ് രാജ്യസഭയിലേയ്ക്ക് വീണ്ടും മത്സരിക്കാന്‍ നിലവില്‍ അവസരം നല്‍കിയിരിക്കുന്നത്. ഒഡീഷയില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ്, മധ്യപ്രദേശിനെ രാജ്യസഭയില്‍ പ്രതിനിധീകരിക്കുന്ന ഫിഷറീസ് സഹമന്ത്രി എല്‍ മുരുകന്‍ എന്നിവര്‍ക്കാണ് രണ്ടാമൂഴം ലഭിച്ചത്. രണ്ടോ അതിലധികമോ തവണ സേവനമനുഷ്ഠിച്ച ഒരു എംപിയ്ക്കും ബിജെപി വീണ്ടും മത്സരിക്കാന്‍ അവസരം നല്‍കിയിട്ടില്ല. പാര്‍ട്ടിയുടെ ദേശീയ അദ്ധ്യക്ഷന്‍ ജെ പി നദ്ദയ്ക്ക് മാത്രമാണ് ഇതില്‍ ഇളവ് ലഭിച്ചിരിക്കുന്നത്. ഹിമാചലില്‍ നിന്നുള്ള രാജ്യസഭാ എം പിയായ നദ്ദയെ ഇത്തവണ ഗുജറാത്തില്‍ നിന്നാണ് മത്സരിക്കുന്നത്. കേന്ദ്രമന്ത്രിമാര്‍ അടക്കം നിലവില്‍ കാലാവധി കഴിഞ്ഞ 28 രാജ്യസഭാ എംപിമാരില്‍ നാല് പേര്‍ക്ക് മാത്രമാണ് ബിജെപി വീണ്ടും മത്സരിക്കാണ അവസരം നല്‍കിയിരിക്കുന്നത്. ബാക്കിയുള്ള 24 പേരോടും ലോക്സഭാ സീറ്റുകളില്‍ മത്സരിപ്പിക്കാനാണ് നീക്കമെന്നാണ് റിപ്പോര്‍ട്ട്.

Top