ബ്രിട്ടീഷ് പ്രധാനമന്ത്രിക്കതിരെ സ്വന്തം പാര്‍ട്ടിയില്‍ നിന്ന് തന്നെ അവിശ്വാസ പ്രമേയം

ലണ്ടന്‍: ബ്രിട്ടീഷ് പ്രധാനമന്ത്രിക്കതിരെ സ്വന്തം പാര്‍ട്ടിയില്‍ നിന്ന് തന്നെ അവിശ്വാസ പ്രമേയം. തെരേസാ മേയുടെ സ്വന്തം പാര്‍ട്ടിയായ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയാണ് തെരേസാ മേക്കെതിരെ അവിശ്വാസ പ്രമേയ നോട്ടീസ് കൊണ്ടുവന്നത്. ബ്രെക്‌സിറ്റ് നടപടിയുമായ് ബന്ധപ്പെട്ട് തെരേസാ മേ എടുത്ത നിലപാടുകള്‍ പാര്‍ട്ടിയില്‍ പലരും അംഗീകരിച്ചിരുന്നില്ല. പാര്‍ട്ടിയില്‍ നിന്ന തന്നെ വിമര്‍ശനങ്ങള്‍ ഉയരുകയും ചെയ്തിരുന്നു. ഇതാണ് അവിശ്വാസ പ്രമേയത്തിന് കാരണമായിരിക്കുന്നത്.

ഇന്ന് വൈകിട്ട് നടക്കുന്ന വോട്ടെടുപ്പില്‍ സ്വന്തം പാര്‍ട്ടി നടത്തുന്ന നേതൃത്വ അവിശ്വാസ വോട്ടെടുപ്പില്‍ പരാജയപ്പെട്ടാല്‍ തെരേസാ മേക്ക് പ്രധാനമന്ത്രി സ്ഥാനം രാജിവെക്കേണ്ടി വരും. പിന്നീട് നേതൃത്വ തെരഞ്ഞെടുപ്പിലൂടെ മറ്റൊരു പാര്‍ടി നേതാവിനെ തെരഞ്ഞെടുക്കേണ്ടതായി വരും. അവിശ്വാസ പ്രമേയത്തെ മുഴുവന്‍ കരുത്ത് ഉപയോഗിച്ച് നേരിടുമെന്നും നേതൃമാറ്റം രാജ്യത്തിന്റെ ഭാവിക്ക് തന്നെ ഭീഷണിയാണെന്നും തെരേസാ മേ പ്രതികരിച്ചു.

യൂറോപ്യന്‍ യൂണിയനില്‍ നിന്നു ബ്രിട്ടന്‍ വിട്ടു പോരുന്നതു (ബ്രെക്‌സിറ്റ്)സംബന്ധിച്ച് ഇയുവുമായി തെരേസാ മേ ഒപ്പുവച്ച കരാര്‍ പാര്‍ലമെന്റ് പാസാക്കിയാലേ പ്രാബല്യത്തില്‍ വരൂ. ബ്രിട്ടന് കിട്ടാവുന്ന ഏറ്റവും മെച്ചപ്പെട്ട കരാറാണിതെന്നു മേ പറഞ്ഞെങ്കിലും എംപിമാരെ വിശ്വസിപ്പിക്കാനായില്ല. ബ്രെക്‌സിറ്റ് വോട്ടെടുപ്പ് കഴിഞ്ഞ ദിവസം തെരേസാ മേ മാറ്റിയിരുന്നു. സ്വന്തം പാര്‍ട്ടിയിലെ എംപിമാരില്‍ ചിലരും എതിരായതോടെ വോട്ടെടുപ്പില്‍ പരാജയം നേരിടുമെന്ന് ഉറപ്പായ സാഹചര്യത്തിലായിരുന്നു തിരഞ്ഞെടുപ്പ് മാറ്റി വയ്ക്കല്‍ നടപടി.

Top