തെരേസാ മേയുമായുള്ള അഭിപ്രായ ഭിന്നത; മൂന്ന് പാര്‍ലമെന്റ് അംഗങ്ങള്‍ രാജി വെച്ചു

യുകെ: ബ്രെക്‌സിറ്റില്‍ ഉടക്കി ബ്രിട്ടണില്‍ ഭരണകക്ഷിയിലെ മൂന്ന് എംപിമാര്‍ രാജി വച്ചു. കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയിലെ പാര്‍ലമെന്റ് അംഗങ്ങളാണ് ബ്രെക്‌സിറ്റ് നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് തെരേസാ മേയുമായുള്ള അഭിപ്രായ ഭിന്നതയെ തുടര്‍ന്ന് രാജി അറിയിച്ചിരിക്കുന്നത്.

കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ പാര്‍ലമെന്റ് അംഗങ്ങളായ അന്ന സൌബ്രി, സാറാ വൊലാസ്റ്റണ്‍, ഹീഡി അല്ലന്‍ എന്നിവരാണ് പാര്‍ട്ടി അംഗത്വം രാജിവെച്ചത്. ലേബര്‍ പാര്‍ട്ടിയുടെ മുന്‍ പാര്‍ലമെന്റ് അംഗങ്ങള്‍ സ്ഥാപിച്ച ഇന്‍ഡിപെന്‍ഡന്റ് ഗ്രൂപ്പില്‍ അംഗങ്ങളാകാനാണ് രാജിയെന്നാണ് റിപ്പോര്‍ട്ടുകള്‍.

ലേബര്‍ പാര്‍ട്ടി നേതാവ് ജെറമി കോര്‍ബിന്റെ ബ്രെക്‌സിറ്റ് അനുകൂല നിലപാടില്‍ പാര്‍ട്ടി വിട്ട ഏഴ് പേര്‍ ചേര്‍ന്ന് രൂപീകരിച്ചതാണ് ഇന്‍ഡിപെന്‍ഡന്റ് ഗ്രൂപ്പ്. ബ്രെക്‌സിറ്റില്‍ വീണ്ടും ഹിത പരിശോധന നടത്തണമെന്ന നിലപാടുകാരാണ് ഇവര്‍.

ബ്രെക്‌സിറ്റ് അനുനയ ചര്‍ച്ചകളില്‍ കടുത്ത അതൃപ്തി രേഖപ്പെടുത്തിയാണ് മൂവരും പാര്‍ട്ടി വിടുന്നത്. രാജ്യ താല്‍പര്യത്തിന് വിരുദ്ധമായാണ് തെരേസ മേ പ്രവര്‍ത്തിക്കുന്നതെന്നും, പാര്‍ട്ടിയില്‍ കാഴ്ചക്കാര്‍ മാത്രമായി ഇനിയും തുടരാനാവില്ലെന്നും പാര്‍ലിമെന്റ് വിട്ട എംപിമാര്‍ വ്യക്തമാക്കി.

Top