കൊവിഡ് ബാധിതര്‍ കൂടുന്നു; ലോകത്ത് കൊവിഡ് വ്യാപനത്തില്‍ ഇന്ത്യ നാലാമത്

ന്യൂഡല്‍ഹി: ലോകരാജ്യങ്ങളില്‍ കൊവിഡ് വ്യാപനനിരക്ക് രൂക്ഷമായിരിക്കുന്നതില്‍ ഇന്ത്യയുടെ സ്ഥാനം നാലാമതെന്ന് കണക്കുകള്‍. ദിനം പ്രതി കൊവിഡ് ബാധ പതിനായിരത്തോളമായ സാഹചര്യത്തില്‍ ബ്രിട്ടനെ മറികടന്നാണ് ഇന്ത്യ നാലാമതെത്തിയതെന്ന് കൊവിഡ് വേള്‍ഡോ മീറ്റര്‍ വ്യക്തമാക്കുന്നു. ആകെ രോഗബാധിതരുടെ എണ്ണം മൂന്ന് ലക്ഷത്തോടടുക്കുകയാണ്.

അതേസമയം ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ കൂടി പുറത്ത് വന്നാല്‍ മാത്രമേ ഇക്കാര്യത്തില്‍ വ്യക്തതയുണ്ടാകൂ. പ്രതിദിന രോഗബാധയിലും മരണനിരക്കിലും ഇന്ത്യ രണ്ടാമതാണ്. മെയ് 24 ന് പത്താം സ്ഥാനത്തായിരുന്ന ഇന്ത്യ പതിനെട്ടു ദിവസത്തിനുള്ളിലാണ് നാലാം സ്ഥാനത്തേക്ക് എത്തിയത്. രാജ്യത്ത് കൊവിഡ് വലിയൊരു വിഭാഗത്തെ ബാധിച്ചേക്കാമെന്നും വരും ദിവസങ്ങളില്‍ കൊവിഡ് ബാധിതരുടെ എണ്ണം കുതിച്ചുയരുമെന്നും ഐസിഎംആര്‍ വ്യക്തമാക്കിയിരുന്നു.

രോഗം മാസങ്ങളോളം നീണ്ടു നിന്നേക്കാമെന്നും ഐസിഎംആര്‍ മുന്നറിയിപ്പ് നല്‍കി. രാജ്യത്തെ 83 ജില്ലകളിലെ 26,400 പേരില്‍ നടത്തിയ സെറോളജിക്കല്‍ സര്‍വ്വേയുടെ ഫലമാണ് ഐസിഎംആര്‍ പുറത്ത് വിട്ടത്. നിലവിലുള്ള രോഗബാധിതരുടെ മൂന്നിരട്ടി പേര്‍ക്ക് കൊവിഡ് ബാധിച്ചിരിക്കാം. ലക്ഷണങ്ങള്‍ പ്രകടമല്ലാത്തതിനാല്‍ രോഗം തിരിച്ചറിഞ്ഞിട്ടുണ്ടാവില്ല.

നഗരപ്രദേശങ്ങളിലെ ചേരികളില്‍ രോഗവ്യാപനം അതിതീവ്രമാണെന്നും ഐസിഎംആര്‍ വ്യക്തമാക്കുന്നു. അതേസമയം ലോകത്ത് ആകെ കൊവിഡ് രോഗികളുടെ എണ്ണം എഴുപത്തിയഞ്ച് ലക്ഷത്തി എണ്‍പത്തിരണ്ടായിരം പിന്നിട്ടു. നാല് ലക്ഷത്തി ഇരുപത്തിമൂന്നായിരത്തിലധികം പേര്‍ മരിച്ചു. 4,937 പേരാണ് ഇരുപത്തിനാല് മണിക്കൂറിനുള്ളില്‍ മരിച്ചത്.

Top