ഹരിയാനയില്‍ സംഘര്‍ഷം രൂക്ഷം; ഇതുവരെ അറസ്റ്റ് ചെയ്തത് 393 പേരെ

ചണ്ഡീഗഡ്: വര്‍ഗീയ സംഘര്‍ഷം തുടരുന്ന ഹരിയാനയിലെ നൂഹില്‍ സ്ഥിതി ഇപ്പോഴും രൂക്ഷമെന്ന് സര്‍ക്കാര്‍. ഇതുവരെ 393 പേരെയാണ് അറസ്റ്റ് ചെയ്തത്. സംഘര്‍ഷവുമായി ബന്ധപ്പെട്ട് 118 പേര്‍ ഇപ്പോഴും കരുതല്‍ തടങ്കലിലാണ്. നുഹ്, ഗുരുഗ്രാം, ഫരീദാബാദ്, പല്‍വാല്‍, റെവാരി, പാനിപ്പത്ത്, ഭിവാനി, ഹിസാര്‍ എന്നിവിടങ്ങളില്‍ 160 എഫ്.ഐ.ആറുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും ഹരിയാന ആഭ്യന്തര മന്ത്രി അനില്‍ വിജ് പറഞ്ഞു.

ബ്രജ് മണ്ഡല്‍ അക്രമവുമായി ബന്ധപ്പെട്ട് 218 പേര്‍ നൂഹില്‍ അറസ്റ്റിലായിട്ടുണ്ടെന്ന് പൊലീസ് സൂപ്രണ്ട് നരേന്ദര്‍ ബിജാര്‍നിയ പറഞ്ഞു. ഇതിനിടെ നൂഹിലെ മൊബൈല്‍ ഇന്റര്‍നെറ്റ്, എസ്.എം.എസ് സേവനങ്ങള്‍ നിരോധിച്ചത് സംസ്ഥാന സര്‍ക്കാര്‍ നാളെ വരെ നീട്ടി. അതേസമയം ഗുരുഗ്രാമില്‍ എല്ലാ സ്‌കൂളുകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും തുറക്കാന്‍ അനുമതി നല്‍കിയിട്ടുണ്ട്. മാത്രമല്ല, കര്‍ഫ്യൂവില്‍ 11 മണിക്കൂര്‍ ഇളവും നല്‍കിയിട്ടുണ്ട്.

Top