മണിപ്പൂരില്‍ സംഘര്‍ഷങ്ങള്‍ തുടരുന്നു; അഞ്ച് പൗരന്മാര്‍ കൊല്ലപ്പെട്ടു

ഇംഫാല്‍: മണിപ്പൂരില്‍ വീണ്ടും സംഘര്‍ഷം. തെങ്‌നൂപലില്‍ അക്രമികളുടെ ആക്രമണത്തില്‍ രണ്ട് പൊലീസുകാര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ അഞ്ച് പൗരന്മാര്‍ കൂടി കൊല്ലപ്പെട്ടു. മൂന്ന് ബിഎസ്എഫ് ജവാന്മാര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. മണിപ്പൂരിലെ പല ജില്ലകളിലായി ബുധനാഴ്ച രാത്രിയിലും വ്യാഴാഴ്ച രാവിലെയുമായാണ് ആക്രണം നടന്നത്.

കഴിഞ്ഞ 8 മാസമായി തുടരുന്ന സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കാന്‍ സുരക്ഷാ ഉദ്യോഗസ്ഥരും ഭരണകര്‍ത്താക്കളും പരിശ്രമിക്കുന്നതിനിടെയാണ് ഇപ്പോള്‍ സാഹചര്യം കൂടുതല്‍ വഷളായിരിക്കുന്നത്. തൗബാല്‍ ജില്ലയില്‍ ആള്‍ക്കൂട്ടം പൊലീസ് ആസ്ഥാനം ആക്രമിക്കുന്നത് തടയാന്‍ ശ്രമിക്കുന്നതിനിടെയാണ് ബിഎസ്എഫ് ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റത്. ഇന്നലെ മെയ്‌തെയ് വിഭാഗത്തില്‍പ്പെട്ട നാല് പേര്‍ ആയുധധാരികളായ അക്രമികളാല്‍ കൊല്ലപ്പെട്ടു എന്ന് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ സ്ഥിരീകരിക്കുന്നു. ആക്രമണത്തിനിരയായ നാലുപേരും കര്‍ഷകരാണ്. ഇവര്‍ കൃഷിയിടത്തില്‍ കൃഷിയിറക്കുന്നതിനിടെയാണ് ആക്രമണമെന്നാണ് റിപ്പോര്‍ട്ട്. ഇവരുടെ മരണത്തെ തുടര്‍ന്ന് ഇംഫാല്‍ താഴ്വരയുടെ പലയിടത്തും പ്രതിഷേധം പൊട്ടിപ്പുറപ്പെട്ടു.

കഴിഞ്ഞ കുറച്ച് നാളുകളായി സമാനതകളില്ലാത്ത വംശഹത്യക്കാണ് മണിപ്പൂര്‍ സാക്ഷിയാകുന്നത്. സംഘര്‍ഷങ്ങളില്‍ 200ഓളം പേര്‍ ഇതുവരെ കൊല്ലപ്പെട്ടുവെന്നാണ് ഔദ്യോഗിക കണക്കുകള്‍. നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തുവെന്നാണ് നിലവിലെ റിപ്പോര്‍ട്ട്.

Top