ചൈനയും തായ്വാനും തമ്മിലുള്ള സംഘര്‍ഷം വീണ്ടും വര്‍ദ്ധിക്കുന്നതായി റിപ്പോര്‍ട്ട്

ചൈനയും തായ്വാനും തമ്മിലുള്ള സംഘര്‍ഷം വീണ്ടും വര്‍ദ്ധിക്കുന്നതായിട്ടാണ് റിപ്പോര്‍ട്ടുകള്‍. ഡസന്‍ കണക്കിന് ചൈനീസ് യുദ്ധവിമാനങ്ങള്‍ തങ്ങളുടെ വ്യോമാതിര്‍ത്തിയില്‍ പ്രവേശിച്ചതായി തായ്വാന്‍ ആരോപിക്കുന്നതായി അന്ത്‌ദ്ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. തായ്വാന്‍ ദേശീയ പ്രതിരോധ മന്ത്രാലയം ആണ് ഇക്കാര്യം പുറത്തുവിട്ടതെന്നാണ് റിപ്പോര്‍ട്ടുകള്‍. 24 മണിക്കൂറിനുള്ളില്‍ 32 ചൈനീസ് സൈനിക വിമാനങ്ങളെങ്കിലും തങ്ങളുടെ പ്രദേശത്ത് കണ്ടെത്തിയതായി തായ്വാന്‍ സൈന്യം അറിയിച്ചു. തായ്വാന്‍ വ്യോമാതിര്‍ത്തിയില്‍ ഈ വര്‍ഷം ചൈനയുടെ നുഴഞ്ഞുകയറ്റത്തിന്റെ ഏറ്റവും വലിയ രണ്ടാമത്തെ സംഭവമാണിത്. ഈ വര്‍ഷം ജനുവരി അവസാനം തായ്വാന്‍ ദ്വീപിന് ചുറ്റും 33 ചൈനീസ് യുദ്ധവിമാനങ്ങള്‍ കണ്ടിരുന്നു. ഇപ്പോള്‍ വീണ്ടും ചൈനയുടെ പ്രകോപനപരമായ നടപടിയാണ് ഇതെന്നാണ് റിപ്പോര്‍ട്ടുകള്‍.

ചൈനീസ് നാവികസേനയുടെ 11 കപ്പലുകള്‍ സമീപത്ത് നിന്ന് കണ്ടെത്തിയതായി തായ്വാന്‍ കഴിഞ്ഞ മാസം പറഞ്ഞിരുന്നു. കൂടാതെ, മത്സ്യബന്ധന ബോട്ട് സംഭവത്തെച്ചൊല്ലി തായ്പേയിയും ബീജിംഗും തമ്മില്‍ തര്‍ക്കം വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ഫെബ്രുവരി 14 ന് തായ്വാനിലെ കിന്‍മെന്‍ ദ്വീപിന് സമീപം തായ്വാനീസ് കോസ്റ്റ് ഗാര്‍ഡ് പിന്തുടരുന്നതിനിടെ നാല് പേരുമായി പോവുകയായിരുന്ന ഒരു ചൈനീസ് സ്പീഡ് ബോട്ട് മറിഞ്ഞ് രണ്ട് പേര്‍ മരിച്ചിരുന്നു. മറ്റ് രണ്ട് പേര്‍ രക്ഷപ്പെട്ടു.ഇതിന് പിന്നാലെ കിന്‍മെന്‍ ദ്വീപസമൂഹത്തിന് സമീപം ഒരു ടൂറിസ്റ്റ് ബോട്ട് ചൈന തടഞ്ഞു. ഇതിനെതിരെ തായ്വാന്‍ പ്രതിഷേധിച്ചു, ഇത് ദ്വീപില്‍ സംഘര്‍ഷം വര്‍ദ്ധിപ്പിച്ചു. കിന്‍മെന്‍ ദ്വീപ് ചൈനയുടെ തീരത്തിനടുത്താണ്. പക്ഷേ ഇത് തായ്വാനിന്റെ നിയന്ത്രണത്തിലാണ്. 11 ജീവനക്കാരും 23 യാത്രക്കാരും സഞ്ചരിച്ചിരുന്ന കിംഗ് ജിയ എന്ന ബോട്ട് തിങ്കളാഴ്ച 32 മിനിറ്റോളം ചൈനീസ് കോസ്റ്റ് ഗാര്‍ഡ് തടഞ്ഞുവെച്ചതായി തായ്വാന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. തായ്വാന്‍ തീരസംരക്ഷണ സേന പിന്നീട് ബോട്ട് കിന്‍മെനിലേക്ക് തിരികെ കൊണ്ടുവന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍.

ചൈനീസ് സൈനിക വിമാനത്തിന് പുറമെ അഞ്ച് നാവിക കപ്പലുകളും സമീപത്ത് പ്രവര്‍ത്തിക്കുന്നതായി തായ്വാന്‍ ദേശീയ പ്രതിരോധ മന്ത്രാലയം അറിയിച്ചു. പതിമൂന്ന് വിമാനങ്ങള്‍ തായ്വാന്‍ കടലിടുക്കിന്റെ മധ്യരേഖ കടന്നതായി തായ്വാന്‍ പ്രതിരോധ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു. ചൈനയുടെ ഈ നടപടിക്കെതിരെ തായ്വാനും നടപടി സ്വീകരിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. തായ്വാന്‍ സൈന്യം സ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്ന് പ്രസ്താവനയില്‍ പറയുന്നു. ചൈനീസ് പ്രവര്‍ത്തനങ്ങള്‍ക്ക് മറുപടിയായി പട്രോള്‍ വിമാനങ്ങള്‍, നാവിക കപ്പലുകള്‍, തീരദേശ മിസൈല്‍ സംവിധാനങ്ങള്‍ എന്നിവ വിന്യസിച്ചിട്ടുണ്ട് എന്നും തായ്‌വാന്‍ പറയുന്നു. ചൈനയും തായ്വാനും തമ്മിലുള്ള വര്‍ദ്ധിച്ചുവരുന്ന സംഘര്‍ഷത്തിന്റെ പ്രതിഫലനമാണ് ഈ സംഭവം. 1949-ലെ ആഭ്യന്തരയുദ്ധത്തില്‍ തായ്വാന്‍ ചൈനയില്‍ നിന്ന് വേര്‍പിരിഞ്ഞു. എന്നാല്‍ 20 ദശലക്ഷത്തിലധികം ജനസംഖ്യയുള്ള ദ്വീപിനെ ചൈന ഇന്നും അതിന്റെ പ്രദേശമായി കണക്കാക്കുന്നു. സൈനിക ശക്തിയിലൂടെ ഇത് തന്റെ നിയന്ത്രണത്തിലാക്കുമെന്നാണ് ചൈനയുടെ നിലപാടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ വര്‍ഷം ജനുവരിയില്‍ തായ്വാനില്‍ നടന്ന പൊതുതെരഞ്ഞെടുപ്പിന് ശേഷം ചൈന 33 വിമാനങ്ങള്‍ തായ്‌വാന്റെ വ്യോമമേഖലയിലേക്ക് അയച്ചിരുന്നു. ജനുവരി 13ന് നടന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ലായ് ചിങ്-ടെയുടെ വിജയം ചൈനയെ രോഷാകുലരാക്കി.

Top