ഗാല്‍വാന്‍താഴ്വരയില്‍ സംഘര്‍ഷം; നിയന്ത്രണരേഖയില്‍ സൈനിക സന്നാഹം ശക്തമാക്കി ഇന്ത്യ

ന്യൂഡല്‍ഹി: ലഡാക്കിലെ ഗല്‍വാന്‍ താഴ്‌വരയില്‍ ഇന്ത്യയും ചൈനയും തമ്മിലുണ്ടായ സംഘര്‍ഷത്തിനു പിന്നാലെ നിയന്ത്രണ രേഖയില്‍ സൈനിക സന്നാഹം ശക്തമാക്കി ഇന്ത്യ. നിയന്ത്രണ രേഖയില്‍ 3500 കിലോമീറ്റോളം ചുറ്റളവില്‍ കുടുതല്‍ കര-വ്യോമ സേനകളെ നിയോഗിച്ചു. കടലിലും ഇന്ത്യന്‍ ജാഗ്രത ശക്തമാക്കി.

ചൈനയുടെ സാന്നിധ്യമുള്ള ഇന്ത്യന്‍ മഹാസമുദ്രത്തിലാണ് നാവിക സേനക്ക് ജാഗ്രത നിര്‍ദേശം നല്‍കിയത്.ചൈനയുമായി അതിര്‍ത്തി പങ്കിടുന്ന അരുണാചല്‍ പ്രദേശ്, ഉത്തര്‍ഖണ്ഡ്, ഹിമാചല്‍ പ്രദേശ്, ലഡാക് എന്നീ സംസ്ഥാനങ്ങളിലെ അതിര്‍ത്തികളിലാണ് കൂടുതല്‍ സൈന്യവും ആയുധശേഖരണവും നടത്തിയത്. യുദ്ധ വിമാനങ്ങളുമായി സജ്ജമായിരിക്കാന്‍ വ്യോമ സേനയും നിര്‍ദേശം നല്‍കിയിട്ടുണ്ട്.

പ്രകോപിപ്പിച്ചാല്‍ ശക്തമായ മറുപടി നല്‍കുമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മുന്നറിയിപ്പിനു പിന്നാലെയാണ് ഇന്ത്യ അതിര്‍ത്തിയില്‍ സൈനിക സന്നാഹം ശക്തമാക്കിയത്. പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്ങും, സംയുക്ത സേനാ മേധാവി ബിപിന്‍ റാവത്തും മൂന്ന് സേനാ തലവന്മാരുമായി ബുധനാഴ്ച ചര്‍ച്ച നടത്തിയിരുന്നു.
സൈനികര്‍ തമ്മില്‍ ഗല്‍വാന്‍ നദീതീരത്ത് തിങ്കളാഴ്ച രാത്രി നടന്നത് എട്ടു മണിക്കൂര്‍ നീണ്ട രൂക്ഷമായ ഏറ്റുമുട്ടല്‍. ഇരുമ്പുദണ്ഡുകളും മുള്ളുകമ്പി ചുറ്റിയ ലാത്തിയും ഉപയോഗിച്ചായിരുന്നു ചൈനീസ് സംഘത്തിന്റെ ആക്രമണമെന്ന് സൈനിക ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ന്യൂസ്-18 ചാനല്‍ റിപ്പോര്‍ട്ട് ചെയ്തു.

ഉയര്‍ന്ന പ്രദേശത്തുനിന്ന് ഭീമന്‍കല്ലുകള്‍ ഇന്ത്യന്‍ സേനക്കുനേരെ എറിഞ്ഞതായും സൈനികവൃത്തങ്ങള്‍ അറിയിച്ചു. ആക്രമണത്തില്‍ പരിക്കേറ്റ പലരുടെയും മരണത്തിന് പ്രദേശത്തെ കൊടുംതണുപ്പും കാരണമായി. രക്ഷപ്പെടാന്‍ ശ്രമിച്ച നിരായുധരെപ്പോലും ചൈനീസ് സൈനികര്‍ ആക്രമിച്ച് കൊലപ്പെടുത്തിയതായാണ് വിവരമെന്ന് ചാനലിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.

രക്ഷപ്പെടാന്‍വേണ്ടി ഗല്‍വാന്‍ നദിയില്‍ ചാടിയവരും മരിച്ചവരില്‍ ഉള്‍പ്പെടുന്നു. 24ഓളം സൈനികര്‍ക്ക് ഗുരുതര പരിക്കേറ്റിട്ടുണ്ട്. 110ലേറെ പേര്‍ ചികിത്സയിലാണ്. മരണസംഖ്യ വര്‍ധിക്കാന്‍ സാധ്യതയുണ്ടെന്ന് ലേ ആശുപത്രിയില്‍നിന്ന് മുതിര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ അറിയിച്ചു.നേരിട്ടുനടന്ന ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട സൈനികരുടെ മൃതദേഹങ്ങള്‍ ചൈനീസ് സൈന്യം തിങ്കളാഴ്ച രാവിലെ ഇന്ത്യന്‍ അധികൃതര്‍ക്ക് കൈമാറിയതായും സൈനിക ഉദ്യോഗസ്ഥന്‍ പറഞ്ഞു. ചൈനയുടെ വന്‍ സന്നാഹംവ്യക്തമാക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്

Top