Tension escalates as Pakistan deploys army along 190km international border in Jammu

ജമ്മു: പാക് സൈനിക മേധാവി സ്ഥാനത്ത് നിന്ന് റഹീല്‍ ഷെരിഫ് വിരമിക്കാന്‍ ആഴ്ചകള്‍ മാത്രം ബാക്കി നില്‍ക്കെ അതിര്‍ത്തിയില്‍ പാക്കിസ്ഥാന്‍ റേഞ്ചേഴ്‌സിനെ മാറ്റി സൈന്യത്തെ വിന്യസിച്ച് പാക്കിസ്ഥാന്റെ അപ്രഖ്യാപിത യുദ്ധപ്രഖ്യാപനം.

അതിര്‍ത്തി ഔട്ട് പോസ്റ്റുകളിലും ക്യാംപുകളിലുമാണ് പാക് സൈന്യത്തെ കൂടുതലായി വിന്യസിക്കുന്നത്.

ജമ്മു,രാജസ്ഥാന്‍,ഗുജറാത്ത് അതിര്‍ത്തികളില്‍ നിലവിലുള്ള പാരാമിലിട്ടറി വിഭാഗത്തെ മാറ്റിയാണ് ഈ പാക് സൈനിക വിന്യാസം. അതിര്‍ത്തിയില്‍ വന്‍ തോതിലുള്ള ആയുധങ്ങളും എത്തിച്ചിട്ടുണ്ട്.

ഉറി ആക്രമണത്തിന് ശേഷം ഇന്ത്യ അതിര്‍ത്തി കടന്ന് നടത്തിയ ഭീകര ക്യാംപ് ആക്രമണത്തില്‍ അന്താരാഷ്ട്ര തലത്തില്‍ നാണം കെട്ട പാക്കിസ്ഥാന് തുടര്‍ന്ന് വന്‍ നാശനഷ്ടമാണ് നേരിടേണ്ടി വന്നത്.

ഇന്ത്യന്‍ സൈനികനെ തലയറുത്ത് കൊന്നതിന് പകരമായി ഒക്ടോബര്‍ 29ന് മാത്രം ഇന്ത്യന്‍ സൈന്യം നടത്തിയ തിരിച്ചടിയില്‍ 20 പാക് സൈനികരാണ് കൊല്ലപ്പെട്ടത്.

ഇന്ത്യ അതിര്‍ത്തി കടന്ന് നടത്തിയ ‘സര്‍ജിക്കല്‍’ ആക്രമണത്തിന് ശേഷം ഇതുവരെ 99 തവണയാണ് പാക്കിസ്ഥാന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചത്.

ഇന്ത്യയുടെ ഭാഗത്ത് 12 സാധാരണക്കാരും 6 ജവാന്മാരുമാണ് ഈ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.

എന്നാല്‍ ഇന്ത്യന്‍ തിരിച്ചടിയില്‍ 100ഓളം പാക് സൈനികര്‍ ഇതിനകം തന്നെ കൊല്ലപ്പെട്ട് കഴിഞ്ഞുവെന്നാണ് അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സികളെ ഉദ്ധരിച്ച് പ്രമുഖ ന്യൂസ് പോര്‍ട്ടല്‍ പുറത്ത് വിട്ട വാര്‍ത്ത.

ഭീകര ക്യാംപുകള്‍ക്ക് നേരെ ഇന്ത്യന്‍ കമാന്‍ഡോകള്‍ നടത്തിയ ആക്രമണത്തില്‍ പുറത്ത് വന്ന കണക്കിലുമപ്പുറം ഭീകരരും അവര്‍ക്ക് സംരക്ഷണം കൊടുത്ത നിരവധി പാക് സൈനികരും കൊല്ലപ്പെട്ടിരുന്നു.

സ്വന്തം സഹോദരനായ സൈനിക ഉദ്യോഗസ്ഥന്‍ മുന്‍പ് ഇന്ത്യന്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടതിന്റെ പകകൂടി മനസ്സില്‍ കൊണ്ട് നടക്കുന്ന പാക്ക് സൈനിക മേധാവി റഹീല്‍ ഷെരിഫിന് താന്‍ സര്‍വ്വീസില്‍ നിന്ന് വിരമിക്കുന്നതിന് മുന്‍പ് ഇന്ത്യക്ക് തിരിച്ചടി നല്‍കണമെന്ന ആഗ്രഹമാണ് ഉള്ളത്.

യുദ്ധം പൊട്ടിപ്പുറപ്പെട്ടാല്‍ റിട്ടയര്‍മെന്റ് ഒഴിവാകുമെന്നതും യുദ്ധ കൊതിയനായ സൈനിക മേധാവിയെ എന്തും ചെയ്യാന്‍ പ്രേരിപ്പിക്കുന്ന ഘടകമാണ്.

പ്രധാനമന്ത്രി നവാസ് ഷെരീഫാകട്ടെ അഴിമതി ആരോപണത്തില്‍പ്പെട്ട് സ്ഥാനമൊഴിയേണ്ട സാഹചര്യത്തെയാണ് അഭിമുഖീകരിക്കുന്നത്.

യുദ്ധക്കൊതിയനല്ലെങ്കിലും ഇപ്പോഴത്തെ സാഹചര്യത്തില്‍ സൈന്യം എടുക്കുന്ന തീരുമാനത്തെ പിന്‍തുണക്കുകയല്ലാതെ മറ്റൊരു ‘പോംവഴി’ ഷെരീഫിനുമില്ല.

നിലനില്‍പ്പിന്റെ ഈ രാഷ്ട്രീയപോരാട്ടം ഇന്ത്യയുമായുള്ള തുറന്ന യുദ്ധത്തില്‍ കലാശിക്കാനുള്ള സാഹചര്യമാണ് ഇപ്പോള്‍ അതിര്‍ത്തിയില്‍ രൂപപ്പെടുന്നത്.

ഏതൊരു ആക്രമണത്തെയും ചെറുത്ത് സെക്കന്റുകള്‍ക്കുള്ളില്‍ പ്രത്യാക്രമണം നടത്താന്‍ ഇന്ത്യന്‍ സൈന്യവും പൂര്‍ണ്ണ സജ്ജരാണ്.

ഈ മാസം അവസാനമാണ് പാക് സൈനിക മേധാവി റഹീല്‍ ഷെരീഫ് വിരമിക്കുന്നത്.

Top