കേസ് വിചാരണ; കത്തിയാക്രമണത്തിന്റെ ഭീകരതയെ വെളിപ്പെടുത്തി പെട്ര ക്വിറ്റോവ

പ്രാഗ്: വര്‍ഷങ്ങള്‍ക്ക് മുമ്പ് തനിക്ക് നേരെയുണ്ടായ കത്തിയാക്രമണത്തിന്റെ ഭീകരത വെളിപ്പെടുത്തി ചെക്ക് റിപ്പബ്‌ളിക്ക് ടെന്നീസ് താരം പെട്ര ക്വിറ്റോവ. കേസുമായ് ബന്ധപ്പെട്ട വിചാരണയ്ക്കിടെയാണ് ക്വിറ്റോവ ഭീതിജനകമായ ആക്രമണത്തെക്കുറിച്ച് വിവരിച്ചത്.

2016 ഡിസംബറിലാണ് ചെക്ക് റിപ്പബ്ലിക്കിലെ വീട്ടില്‍വെച്ച് ക്വിറ്റോവ ആക്രമിക്കപ്പെട്ടത്. ഇടതുകൈയ്ക്ക് ഗുരുതരമായി പരിക്കേറ്റ അവര്‍ പിന്നീട് അഞ്ചുമാസത്തിനുശേഷം ടെന്നീസ് കോര്‍ട്ടില്‍ തിരിച്ചെത്തി. ഈ വര്‍ഷത്തെ ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ ക്വിറ്റോവ ഫൈനലില്‍ എത്തിയിരുന്നു.

”ഞാനന്ന് വീട്ടിലുണ്ടായിരുന്നു. അപ്പോള്‍ ഡോര്‍ബെല്‍ അടിച്ചു. ആളോട് അകത്തുവരാന്‍ പറഞ്ഞു. ഡോപ്പിങ് ടെസ്റ്റിനുള്ളവര്‍ വന്നതാണെന്നാണ് കരുതിയത്. എന്നാല്‍, വെള്ളം ചൂടാക്കുന്നതിനുള്ള യന്ത്രം പരിശോധിക്കാന്‍ വന്നതാണെന്നാണ് അയാള്‍ പറഞ്ഞത്. അയാള്‍ ബാത്ത് റൂമില്‍ ചെന്ന് അത് പരിശോധിച്ചു. പെട്ടെന്നായിരുന്നു ആക്രമണം. പിന്നില്‍നിന്ന് കടന്നുപിടിച്ച് കഴുത്തില്‍ കത്തിവെച്ചു. പിടി വിടുവിക്കാനുള്ള ശ്രമത്തിനിടയില്‍ കൈയില്‍ പലയിടത്തും മുറിവേറ്റു. ഞരമ്പ് മുറിഞ്ഞ് ചോര ചീറ്റി. ഞാന്‍ അലറിക്കരഞ്ഞു. ഒടുവില്‍, രക്ഷപ്പെടാന്‍ പണം വാഗ്ദാനം ചെയ്തു. 10,000 ചെക്ക് ക്രൗണ്‍ (ഏതാണ്ട് മുപ്പത്തൊന്നായിരം രൂപ) സ്വീകരിച്ച് എന്നെ മോചിപ്പിച്ചു”-ക്വിറ്റോവ പറഞ്ഞു.

പിന്നീട് നാലുമണിക്കൂര്‍നീണ്ട ശസ്ത്രക്രിയക്ക് വിധേയയാക്കി. 33-കാരനായ റാദിം സോന്ദ്രയായിരുന്നു അക്രമി. കുറ്റം തെളിഞ്ഞാല്‍ 12 വര്‍ഷം ജയില്‍ശിക്ഷ ലഭിച്ചേക്കാം. മറ്റൊരു കേസില്‍ ഇയാള്‍ ഇപ്പോള്‍ ജയിലിലാണ്.

Top