ന്യൂസിലന്‍ഡ് ഓള്‍റൗണ്ടര്‍ കെയ്ല്‍ ജാമീസണെ പ്രശംസിച്ച് സച്ചിന്‍

മുംബൈ: പ്രഥമ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലില്‍ മാന്‍ ഓഫ് ദ് മാച്ച് പുരസ്‌കാരം നേടിയ ന്യൂസിലന്‍ഡ് ഓള്‍റൗണ്ടര്‍ കെയ്ല്‍ ജാമീസണെ പ്രശംസ കൊണ്ടുമൂടി മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍. ലോക ക്രിക്കറ്റിലെ മികച്ച ഓള്‍റൗണ്ടര്‍മാരുടെ പട്ടികയില്‍ ഇടംപിടിക്കാന്‍ ജാമീസണ് കഴിയുമെന്നാണ് സച്ചിന്റെ നിരീക്ഷണം.

‘ജാമീസണ്‍ ന്യൂസിലന്‍ഡ് ടീമിലെ മികച്ച ബൗളറും ഓള്‍റൗണ്ടറുമാണ്. ലോക ക്രിക്കറ്റിലെ മികച്ച ഓള്‍റൗണ്ടര്‍മാരില്‍ ഒരാളായി മാറും അദേഹം. ന്യൂസിലന്‍ഡില്‍ കഴിഞ്ഞ വര്‍ഷം ജാമീസണെ കണ്ടപ്പോള്‍ ബാറ്റിംഗും ബൗളിംഗും തന്നെ ആകര്‍ഷിച്ചു. സൗത്തിയിലും ബോള്‍ട്ടിലും വാഗ്‌നറിലും ഗ്രാന്‍ഡ്‌ഹോമിലും നിന്ന് വ്യത്യസ്തനായ ബൗളറാണ് ജാമീസണ്‍. ജാമീസണിന്റെ സ്ഥിരതയാണ് തന്നെ ആകര്‍ഷിക്കുന്നതെന്നും ഒരിക്കല്‍ പോലും താരത്തിന് താളം നഷ്ടമായിട്ടില്ല’ എന്നും സച്ചിന്‍ കൂട്ടിച്ചേര്‍ത്തു.

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ഇന്ത്യക്കെതിരെ വമ്പന്‍ പ്രകടനമാണ് കെയ്ല്‍ ജാമീസണ്‍ പുറത്തെടുത്തത്. രണ്ടിന്നിംഗ്‌സിലുമായി ഏഴ് വിക്കറ്റ് വീഴ്ത്തിയ താരം ആദ്യ ഇന്നിംഗ്‌സില്‍ നിര്‍ണായകമായ 21 റണ്‍സും ചേര്‍ത്തു. ആദ്യ ഇന്നിംഗ്‌സില്‍ 22 ഓവറില്‍ വെറും 31 റണ്‍സ് മാത്രം വിട്ടുകൊടുത്ത് അഞ്ച് വിക്കറ്റ് നേടിയപ്പോള്‍ രോഹിത് ശര്‍മ്മ, വിരാട് കോലി, റിഷഭ് പന്ത്, ഇഷാന്ത് ശര്‍മ്മ, ജസ്പ്രീത് ബുമ്ര എന്നിവരെ പറഞ്ഞയച്ചു. രണ്ടാം ഇന്നിംഗ്‌സില്‍ ചേതേശ്വര്‍ പൂജാരയെയും വിരാട് കോലിയേയുമാണ് പുറത്താക്കിയത്.

കിവീസിനായി എട്ട് ടെസ്റ്റുകള്‍ മാത്രം കളിച്ചിട്ടുള്ള 26കാരനായ ജാമീസണ്‍ ഇതുവരെ അഞ്ച് 5 വിക്കറ്റ് നേട്ടങ്ങള്‍ സ്വന്തമാക്കിയിട്ടുണ്ട്. ഇത്രയും ടെസ്റ്റുകളില്‍ നിന്ന് 256 റണ്‍സും 46 വിക്കറ്റും ജാമീസണിന്റെ ഓള്‍റൗണ്ട് മികവിന് അടിവരയിടുന്നു.

 

Top