ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റനായി ധോണിയെ നിര്‍ദേശിച്ചത് സച്ചിന്‍; ശരദ് പവാര്‍

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റനായി 2007ല്‍ എം.എസ്.ധോണിയെ നിര്‍ദേശിച്ചത് സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ ആണെന്ന് ബിസിസിഐ മുന്‍ പ്രസിഡന്റ് ശരദ് പവാര്‍. 2007ല്‍ രാഹുല്‍ ദ്രാവിഡിന്റെ പിന്‍ഗാമിയായിട്ടാണ് ധോണി, ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ നായക സ്ഥാനത്തേയ്ക്ക് എത്തുന്നത്. അതിനു കാരണക്കാരന്‍ സച്ചിനാണെന്നാണ് ഇപ്പോള്‍ ശരദ് പവാറിന്റെ വെളിപ്പെടുത്തല്‍. 2005 മുതല്‍ 2008 വരെ ബിസിസിഐ പ്രസിഡന്റായിരുന്നു ശരദ് പവാര്‍.

‘2007ല്‍ പര്യടനത്തിനായി ഇംഗ്ലണ്ടിലെത്തിയപ്പോള്‍ രാഹുല്‍ ദ്രാവിഡ് എന്റെ അടുക്കല്‍ വന്നു. ടീം ഇന്ത്യയെ തുടര്‍ന്നു നയിക്കാന്‍ താല്‍പര്യമില്ലെന്നും ക്യാപ്റ്റന്‍സിയുടെ ഭാരം തന്റെ ബാറ്റിങ്ങിനെ ബാധിക്കുന്നതായും അദ്ദേഹം പറഞ്ഞു. ദ്രാവിഡിനു പകരം സച്ചിന്‍ തെല്‍ഡുല്‍ക്കറിന്റെ പേര് മാത്രമാണ് അപ്പോള്‍ എന്റെ മനസ്സിലുണ്ടായിരുന്നത്.’- ശരദ് പവാര്‍ പറഞ്ഞു. എന്നാല്‍ സച്ചിന്‍ ക്യപ്റ്റന്‍ സ്ഥാനം ഏറ്റെടുക്കാന്‍ വിസമ്മതിച്ചു.

ദ്രാവിഡും സച്ചിനും ഇല്ലെങ്കില്‍ എങ്ങനെ കാര്യങ്ങള്‍ മുന്‍പോട്ടു പോകുമെന്ന് ഞാന്‍ ചോദിച്ചു. അപ്പോള്‍ സച്ചിന്‍ പറഞ്ഞു: ‘ഇപ്പോള്‍ ഇന്ത്യയെ നയിക്കാന്‍ സാധിക്കുന്ന ഒരാള്‍ കൂടി ടീമില്‍ ഉണ്ട്. അതു മറ്റാരുമല്ല, എം.എസ്.ധോണി.’ ഇതിനു പിന്നാലെയാണ് ധോണിയെ ടീം ഇന്ത്യയുടെ ക്യാപ്റ്റനാക്കാന്‍ ബിസിസിഐ തീരുമാനിച്ചതെന്ന് ശരദ് പവാര്‍ വ്യക്തമാക്കി.

2007ലെ ഐസിസി ഏകദിന ലോകകപ്പില്‍നിന്ന് ഇന്ത്യ ആദ്യ റൗണ്ടില്‍തന്നെ പുറത്തായതിനു പിന്നാലെ ദ്രാവിഡിന്റെ ക്യാപ്റ്റന്‍ സ്ഥാനത്തെച്ചൊല്ലി ചര്‍ച്ചകള്‍ ആരംഭിച്ചിരുന്നു. ഗാംഗുലിക്കു പകരമാണ് ദ്രാവിഡ് ആ സ്ഥാനം ഏറ്റെടുത്തത്. ദ്രാവിഡിനും സച്ചിനും പ്രായം 34 ആയിരുന്നു. ഒരു യുവ കളിക്കാരന്‍ തന്നെ ടീമിന്റെ നായക സ്ഥാനം ഏറ്റെടുക്കേണ്ടതുണ്ടായിരുന്നു.

 

Top