റോഡ് സേഫ്റ്റി ബോധവൽക്കരണ വീഡിയോമായി സച്ചിനും ലാറയും

റോഡ് സുരക്ഷയെക്കുറിച്ച് അവബോധം നല്‍കുന്ന വിഡിയോയുമായി ഇതിഹാസ ക്രിക്കറ്റ് താരങ്ങളായ സചിന്‍ ടെണ്ടുല്‍ക്കറും ബ്രയാന്‍ ലാറയും. ഇരുചക്ര വാഹനം ഓടിക്കുമ്പോള്‍ ഹെല്‍മെറ്റ് ധരിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് വിവരിക്കുന്ന വീഡിയോ തന്റെ ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡിലിലൂടെ സച്ചിന്‍ തന്നെയാണ് പങ്കുവെച്ചിരിക്കുന്നത്.

‘ക്രിക്കറ്റില്‍ ബാറ്റ് ചെയ്യുമ്പോഴും ഇരുചക്ര വാഹനങ്ങള്‍ ഓടിക്കുമ്പോഴും ഹെല്‍മെറ്റ് ധരിക്കല്‍ നിര്‍ബന്ധമാണ്. റോഡ് സുരക്ഷയെ സംബന്ധിച്ച കാര്യങ്ങളില്‍ വിട്ടുവീഴ്ച അരുത്, അതിനെ നിസ്സാരമായി കാണരുത്. ശരിയായ ഹെല്‍മെറ്റ് ധരിച്ച് എല്ലായ്‌പ്പോഴും സുരക്ഷിതമായി യാത്ര ചെയ്യുക. ഈ സന്ദേശം ജനങ്ങളിലേക്കെത്തിക്കാന്‍ ഒപ്പം നിന്ന ബ്രയാന്‍ ലാറക്ക് നന്ദി’ – വീഡിയോക്ക് ഒപ്പം സച്ചിന്‍ ട്വിറ്ററില്‍ കുറിച്ചു.

റോഡ് സുരക്ഷയെക്കുറിച്ച് ജനങ്ങള്‍ക്കിടയില്‍ അവബോധം നല്‍കുന്നതിനായി മുന്‍ ക്രിക്കറ്റ് താരങ്ങളെ പങ്കെടുപ്പിച്ച് കൊണ്ട് റോഡ് സേഫ്റ്റി ക്രിക്കറ്റ് സീരിസ് സംഘടിപ്പിച്ചിരുന്നു. വിവിധ രാജ്യങ്ങളിലെ പഴയ ഇതിഹാസ താരങ്ങളെ പങ്കെടുപ്പിച്ച് കൊണ്ട് നടത്തിയ ടൂര്‍ണമെന്റില്‍, സച്ചിന്‍ ഉള്‍പ്പടെയുള്ളവര്‍ ഭാഗമായ ഇന്ത്യ ലെജന്‍ഡ്‌സ് കിരീടം സ്വന്തമാക്കിയിരുന്നു. സച്ചിന്‍ പങ്കുവെച്ച 49 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോ നിരവധി പേരാണ് ട്വിറ്ററില്‍ റീട്വീറ്റ് ചെയ്തിരിക്കുന്നത്.

റോഡ് സേഫ്റ്റി വേള്‍ഡ് സീരീസ് ട്വന്റി20 ടൂര്‍ണമെന്റിന്റെ ഭാഗമായി സച്ചിന്‍ അടക്കമുള്ള താരങ്ങള്‍ റായ്പൂരിലുണ്ട്. ഇവിടെയുള്ള ഹോട്ടലില്‍വെച്ചായിരുന്നു വിഡിയോയുടെ ചിത്രീകരണം.

 

Top