എന്‍ടിപിസിക്ക് വിദേശത്ത് നിന്ന് കല്‍ക്കരി എത്തിക്കുന്നതിനുള്ള കരാറിന്റെ ടെന്റര്‍ അദാനി ഗ്രൂപ്പിന്

ദില്ലി: കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ എന്‍ടിപിസിക്ക് വിദേശത്ത് നിന്ന് കല്‍ക്കരി എത്തിക്കുന്നതിനുള്ള കരാറിന്റെ ടെന്റര്‍ അദാനി ഗ്രൂപ്പ് നേടി. കഴിഞ്ഞ വര്‍ഷം നേരിട്ട കല്‍ക്കരി ക്ഷാമത്തിന്റെ പശ്ചാത്തലത്തില്‍ ഇതാവര്‍ത്തിക്കാതിരിക്കാനായാണ് വിദേശത്ത് നിന്ന് കല്‍ക്കരി എത്തിക്കുന്നത്. കല്‍ക്കരി ഇറക്കുമതി ചെയ്ത് വിതരണം ചെയ്യുന്ന ഇന്ത്യയിലെ ഏറ്റവും വലിയ വ്യാപാര കമ്പനിയാണ് അദാനി എന്റര്‍െ്രെപസസ് ലിമിറ്റഡ്. ഇവര്‍ 10 ലക്ഷം ടണ്‍ കല്‍ക്കരി പൊതുമേഖലാ സ്ഥാപനമായ എന്‍ടിപിസിക്ക് വിദേശത്ത് നിന്നും എത്തിക്കും.

കഴിഞ്ഞ വര്‍ഷം ഒക്ടോബറിലാണ് ചരിത്രത്തിലാദ്യമായി കല്‍ക്കരി ഇറക്കുമതി ചെയ്ത് എത്തിക്കുന്നതിന് എന്‍ടിപിസി ടെന്റര്‍ ക്ഷണിച്ചത്. എന്നാല്‍ കരാര്‍ വിവരങ്ങള്‍ ഇപ്പോഴും രഹസ്യമാണ്. മറ്റൊരു പൊതുമേഖലാ സ്ഥാപനമായ കല്‍ക്കത്ത ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ദാമോദര്‍ വാല്ലീ കോര്‍പറേഷന്‍ ലിമിറ്റഡും എന്‍ടിപിസിയുടെ ടെന്റര്‍ പോലെ അദാനി ഗ്രൂപ്പുമായി കരാറിലേര്‍പ്പെടാന്‍ ആലോചിക്കുന്നുണ്ട്.

എന്നാല്‍ മൂന്ന് കമ്പനികളും ഇതേക്കുറിച്ച് പ്രതികരിച്ചിട്ടില്ല. രാജ്യത്തെ വൈദ്യുതി ഉല്‍പ്പാദനത്തിന്റെ 70 ശതമാനവും കല്‍ക്കരിയില്‍ നിന്നാണ്. വരും വര്‍ഷങ്ങളില്‍ ഉപഭോഗം കുത്തനെ ഉയരുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. അതിനാല്‍ ഹരിതോര്‍ജ്ജ സംവിധാനങ്ങളെ പരിപോഷിപ്പിക്കാനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയും സര്‍ക്കാരും ശ്രമിക്കുന്നത്.

ഓസ്‌ട്രേലിയയിലെ തങ്ങളുടെ വിവാദമായ പ്ലാന്റില്‍ നിന്ന് കഴിഞ്ഞ മാസമാണ് അദാനി ഗ്രൂപ്പ് കല്‍ക്കരി കാര്‍ഗോ കടല്‍മാര്‍ഗം കയറ്റി അയക്കാന്‍ തുടങ്ങിയത്. ഈ കപ്പല്‍ എത്തിയത് ഇന്ത്യയിലേക്കാണെങ്കിലും ആരാണ് ഇത് വാങ്ങിയതെന്ന് ഇപ്പോഴും വ്യക്തമല്ല. ഒക്ടോബറില്‍ അന്താരാഷ്ട്ര വിപണിയില്‍ കല്‍ക്കരി വില കുതിച്ചുയര്‍ന്നത് രാജ്യത്തെ സാമ്പത്തിക പ്രവര്‍ത്തനങ്ങളെ ഒന്നാകെ കടുത്ത പ്രതിസന്ധിയിലേക്ക് തള്ളിവിട്ടിരുന്നു.

Top