കൊറോണയ്‌ക്കെതിരായ പോരാട്ടത്തില്‍ പ്രധാനമന്ത്രി നല്‍കുന്ന 10 നിര്‍ദ്ദേശങ്ങള്‍

ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്ത കൊറോണാവൈറസ് പോസിറ്റീവ് കേസുകളുടെ എണ്ണം 283ല്‍ എത്തിച്ചേര്‍ന്നതോടെ പ്രധാനമന്ത്രി നരേന്ദ്ര മോദി രണ്ടാം വട്ടവും ജനങ്ങള്‍ക്ക് മുന്നില്‍ അഭ്യര്‍ത്ഥനയുമായി എത്തി. അനാവശ്യമായ യാത്രകള്‍ ഒഴിവാക്കി പകര്‍ച്ചവ്യാധിയെ പിടിച്ചുനിര്‍ത്താനുള്ള സര്‍ക്കാരിന്റെയും, ആരോഗ്യ പ്രവര്‍ത്തകരുടെയും പരിശ്രമങ്ങളെ പിന്തുണയ്ക്കാനാണ് അദ്ദേഹം ആവശ്യപ്പെട്ടത്. ഒരാഴ്ചയ്ക്കിടെ ഇത് രണ്ടാം തവണയാണ് പ്രധാനമന്ത്രി ജനങ്ങള്‍ക്ക് മുന്നിലെത്തുന്നത്. അദ്ദേഹം മുന്നോട്ട് വെച്ച സുപ്രധാനമായ പത്ത് നിര്‍ദ്ദേശങ്ങള്‍ ഇവയാണ്:

1) ഞായറാഴ്ച നടക്കുന്ന ജനതാ കര്‍ഫ്യൂവില്‍ രാവിലെ 7 മുതല്‍ രാത്രി 9 വരെ ജനങ്ങളോട് വീടുകളില്‍ തങ്ങാനും, ഇതുവഴി രോഗത്തിന്റെ ശൃംഖലയെ തകര്‍ക്കാന്‍ സഹായിക്കാനും അദ്ദേഹം ആവശ്യപ്പെട്ടു.

2) പരിഭ്രാന്തരായി സാധനങ്ങള്‍ വാങ്ങിക്കൂട്ടുന്നത് ഒഴിവാക്കാനും പ്രധാനമന്ത്രി അഭ്യര്‍ത്ഥിച്ചു. രാജ്യത്ത് തടസ്സങ്ങളില്ലാതെ സാധനങ്ങളുടെ ലഭ്യത ഉറപ്പാക്കും.

3) കൊറോണയ്‌ക്കെതിരെ പോരാടുന്ന ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, മാധ്യമപ്രവര്‍ത്തകര്‍, കെമിസ്റ്റുകള്‍ തുടങ്ങി എല്ലാ വിഭാഗങ്ങള്‍ക്കും നന്ദി അറിയിക്കാന്‍ കുറച്ച് സമയം മാറ്റിവെയ്ക്കണം.

4) അടിയന്തരമല്ലാത്ത എല്ലാ യാത്രകളും ഒഴിവാക്കാനും, ബസ് സ്റ്റാന്‍ഡുകള്‍, റെയില്‍വെ സ്റ്റേഷനുകള്‍ എന്നിവിടങ്ങളില്‍ ജനത്തിരക്ക് ഒഴിവാക്കാനും ആഹ്വാനം.

5) പകര്‍ച്ചവ്യാധി പടരുന്ന സാഹചര്യത്തില്‍ ജന്മസ്ഥലത്തേക്ക് തിടുക്കത്തില്‍ മടങ്ങുന്നത് ഒഴിവാക്കി തല്‍സ്ഥാനത്ത് തുടരാനും, പുതിയ സ്ഥലങ്ങളിലേക്ക് രോഗത്തെ എത്തിക്കുന്നത് ഒഴിവാക്കാനും ഉപദേശം.

6) സ്വന്തം ആരോഗ്യത്തെക്കുറിച്ചും, കുടുംബത്തിന്റെ ആരോഗ്യവും സംബന്ധിച്ച് ആകുലപ്പെടാനും, ഒരു സ്ഥലത്ത് നിന്ന് മറ്റൊരിടത്തേക്ക് വേഗത്തില്‍ മാറി മറ്റുള്ളവരെയും അപകടത്തിലാക്കരുതെന്നും പ്രധാനമന്ത്രി പറഞ്ഞു.

7) 60 വയസ്സിന് മുകളിലുള്ള മുതിര്‍ന്ന പൗരന്‍മാരും, 10 വയസ്സില്‍ താഴെ പ്രായമുള്ള കുട്ടികളും ആരോഗ്യ നിബന്ധനകള്‍ പാലിച്ച്, ഐസൊലേഷന്‍ ക്രമീകരണങ്ങള്‍ അനുസരിച്ച് വീടുകളില്‍ നിന്ന് പുറത്തിറങ്ങുന്നത് ഒഴിവാക്കണം. ഇവരാണ് രോഗത്തിന് ഏറ്റവും സാധ്യതയുള്ളവര്‍.

8) പകര്‍ച്ചവ്യാധിയെ തടുത്ത് നിര്‍ത്താന്‍ സുപ്രധാനമായ സാമൂഹിക അകലം ശീലമാക്കാന്‍ അദ്ദേഹം ആവശ്യപ്പെട്ടു.

9) വീടുകളില്‍ തന്നെ തുടരാനും, ഏറ്റവും അടിയന്തരമായ കാര്യങ്ങള്‍ക്ക് മാത്രം പുറത്തിറങ്ങാനുമാണ് പ്രധാനമന്ത്രി ജനങ്ങളോട് ആവശ്യപ്പെട്ടിരിക്കുന്നത്. പരമാവധി സാധിക്കുന്നവരെല്ലാം വീടുകളില്‍ നിന്ന് ജോലി ചെയ്യാനും അദ്ദേഹം നിര്‍ദ്ദേശിച്ചു.

10) കൊറോണാവൈറസ് മൂലം രാജ്യത്ത് അടിയന്തരമായ, മുന്‍പില്ലാത്ത സാഹചര്യം നിലനില്‍ക്കുകയാണ്. മഹാമാരിയുടെ സാഹചര്യത്തില്‍ വീടുകളിലെ ജോലിക്കും, ഓഫീസിലും എത്താന്‍ കഴിയാതെ പോകുന്നവരുടെ ശമ്പളം തൊഴില്‍ദാതാക്കള്‍ വെട്ടിച്ചുരുക്കരുതെന്നും പ്രധാനമന്ത്രി പൗരന്‍മാരോട് ആവശ്യപ്പെടുന്നു.

Top