അഫ്ഗാനിസ്ഥാനിൽ ചൈനീസ് ചാരസംഘടനയിലെ പത്തു പേർ പിടിയിൽ

കാബുള്‍ : അഫ്ഗാനിസ്ഥാനില്‍ ചാരപ്രവര്‍ത്തനം നടത്തിയിരുന്ന സ്ത്രീ അടക്കം പത്തംഗ ചൈനീസ് സംഘം പിടിയിൽ. കാബുളില്‍ ഭീകരസെല്‍ ആയി പ്രവര്‍ത്തിച്ചിരുന്ന പത്തു ചൈനീസ് പൗരന്മാരെയാണു പിടികൂടിയതെന്നും ചൈന മാപ്പ് പറയണമെന്നും അഫ്ഗാന്‍ അധികൃതര്‍ ആവശ്യപ്പെട്ടു. ചൈനീസ് ചാരസംഘടനയുമായി ബന്ധമുള്ള പത്തു പേരെയാണ് അഫ്ഗാന്‍ നാഷനല്‍ ഡയറക്ടറേറ്റ് ഓഫ് സെക്യൂരിറ്റി (എന്‍ഡിഎസ്) അറസ്റ്റ് ചെയ്തത്. ഡിസംബര്‍ പത്തു മുതലാണ് ചൈനീസ് ചാരന്മാര്‍ക്കെതിരായ നീക്കം ആരംഭിച്ചതെന്ന് അധികൃതര്‍ പറഞ്ഞു.

അറസ്റ്റിലായ ലീ യാങ്യാങ് ജൂലൈ മുതല്‍ ചൈനീസ് ചാരസംഘടനകളുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്നയാളാണ്. കാബുളിന്റെ പ്രാന്തപ്രദേശത്തെ വീട്ടില്‍നിന്നാണ് അറസ്റ്റ് ചെയ്തത്.കാബുളിലെ ഷിര്‍പുരില്‍ റസ്‌റ്ററന്റ് നടത്തിയിരുന്ന ഷാ ഹുങ് എന്ന സ്ത്രീയെയും അറസ്റ്റ് ചെയ്തു. ഇവരുടെ താമസസ്ഥലത്തുനിന്ന് സ്‌ഫോടക വസ്തുക്കൾ പിടിച്ചെടുത്തു. വൈസ് പ്രസിഡന്റും അഫ്ഗാന്‍ രഹസ്യാന്വേഷണ ഏജന്‍സി മുന്‍ മേധാവിയുമായ അമറുള്ള സലേഹിന്റെ നേതൃത്വത്തിലാണ് അന്വേഷണം.

Top