ഇത് രണ്ടാം തവണ; നീണ്ട പത്തരമണിക്കൂര്‍ ചോദ്യം ചെയ്യലിന് ശേഷം ശിവശങ്കറിനെ വിട്ടയച്ചു

കൊച്ചി: നീണ്ട പത്തരമണിക്കൂര്‍ ചോദ്യം ചെയ്യലിന് ശേഷം മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെ എന്‍ഐഎ വിട്ടയച്ചു. തിരുവനന്തപുരം വിമാനത്താവളത്തിലെ സ്വര്‍ണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ടാണ് ശിവശങ്കറിനെ എന്‍ഐഎ ചോദ്യം ചെയ്യുന്നത്. പത്ത് ദിവസത്തിന് ശേഷം ശിവശങ്കറിനെ വീണ്ടും ചോദ്യം ചെയ്യും. സെക്രട്ടറിയേറ്റിലെ സിസിടിവി ദൃശ്യങ്ങള്‍ അടക്കം കിട്ടിയശേഷം വീണ്ടും ചോദ്യം ചെയ്യാനാണ് എന്‍ഐഎയുടെ നീക്കം.

ചോദ്യംചെയ്യലിന് ശേഷം കൊച്ചി എന്‍ഐഎ ഓഫീസില്‍ നിന്ന് ശിവശങ്കര്‍ തിരുവനന്തപുരത്തേക്ക് മടങ്ങി. തുടര്‍ച്ചയായ രണ്ടാം ദിവസമാണ് ശിവശങ്കറിനെ എന്‍ഐഎ ചോദ്യം ചെയ്യുന്നത്. രാവിലെ പത്ത് മണിക്കാണ് ശിവശങ്കറിനെ ചോദ്യംചെയ്യാന്‍ ആരംഭിച്ചത്.സ്വര്‍ണക്കടത്ത് കേസില്‍ അറസ്റ്റിലായ പ്രതികളുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന എം ശിവശങ്കറിനെ ആദ്യം കസ്റ്റംസും പിന്നീട് എന്‍ഐഎയും തിരുവനന്തപുരത്ത് ചോദ്യം ചെയ്തിരുന്നു.

അതിന് ശേഷം കൊച്ചിയില്‍ ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ദേശീയ അന്വേഷണ ഏജന്‍സി ഉദ്യോഗസ്ഥര്‍ ആവശ്യപ്പെടുകയായിരുന്നു, കള്ളക്കടത്ത് കേസുമായി ഏതെങ്കിലും വിധത്തില്‍ ബന്ധപ്പെട്ടെന്ന് തെളിഞ്ഞാല്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയെ കാത്തിരിക്കുന്നത് അറസ്റ്റ് അടക്കമുള്ള നടപടികളാണ്. സെക്രട്ടറിയേറ്റിന് സമീപമുള്ള ഫ്‌ലാറ്റ് സ്വപ്നയുടെ ഭര്‍ത്താവിന് വാടകക്കു നല്‍കിയ ഇടനിലക്കാരന്റെ മൊഴി എന്‍ഐഎ രേഖപ്പെടുത്തി.

Top