ഓര്‍ത്തഡോക്‌സ് വിഭാഗത്തിന് ആരാധന നടത്താം; പള്ളി തര്‍ക്കത്തിന് താല്‍ക്കാലിക വിരാമം

പെരുമ്പാവൂര്‍: ബഥേല്‍ സുലോക്കോ പള്ളി തര്‍ക്കത്തിന് താല്‍ക്കാലിക വിരാമം. ഓര്‍ത്തഡോക്‌സ് വിഭാഗത്തിന് നാളെ മുതല്‍ പള്ളിയില്‍ ആരാധന നടത്താമെന്ന് യാക്കോബായ വിഭാഗം സമ്മതിച്ചു. രാവിലെ ആറു മുതല്‍ എട്ടേ മുക്കാല്‍ വരെയാണ് ഓര്‍ത്തഡോക്‌സ് വിഭാഗം മുമ്പ് ആരാധന നടത്തിയിരുന്നത്.

ഓര്‍ത്തഡോക്‌സ് വിഭാഗത്തിന് മുഴുവന്‍ സമയം ആരാധന നടത്താന്‍ കഴിഞ്ഞ ദിവസം പെരുമ്പാവൂര്‍ കോടതി അനുമതി നല്‍കിയിരുന്നു. ഇതേ തുടര്‍ന്ന് പള്ളിയില്‍ എത്തിയ ഓര്‍ത്തഡോക്‌സ്‌കാരെ കഴിഞ്ഞ ദിവസം യാക്കോബായ വിഭാഗം പള്ളിക്ക് മുന്നില്‍ തടഞ്ഞു. ഉത്തരവിന്റെ കോപ്പി ഇല്ലാത്തതിനാല്‍ ബലം പ്രയോഗിച്ചു ആരാധന നടപ്പാക്കാനാകില്ലെന്ന് പൊലീസ് അറിയിച്ചു. ഇതോടെ ഇരു കൂട്ടരും പള്ളിക്കകത്തും പുറത്തും നിലയുറപ്പിച്ചു.

ഇതിനിടെ ഓര്‍ത്തഡോക്‌സ് വിഭാഗത്തിന് അനുകൂലമായ വിധി കാര്‍ബണ്‍ കോപ്പി കിട്ടുന്നത് വരെ നടപ്പാക്കരുതെന്ന് ആവശ്യപ്പെട്ട് യാക്കോബായ വിഭാഗം കോടതിയെ സമീപിച്ചു. കോടതി ഇത് അനുവദിച്ചു. ഇതേത്തുടര്‍ന്ന് പെരുമ്പാവൂര്‍ ഡിവൈഎസ്പി നടത്തിയ ചര്‍ച്ചയിലാണ് പ്രശ്‌നം താല്‍ക്കാലികമായി പരിഹരിച്ചത്.

Top