താത്കാലിക നമ്പറുമായി വാഹനം നിരത്തിലിറക്കാം, പുതിയ നിർദേശവുമായി എം.വി.ഡി

താത്കാലിക രജിസ്‌ട്രേഷൻ (ടി.പി.) നമ്പറുമായി വാഹനങ്ങൾ നിരത്തിലിറക്കാമെന്ന് മോട്ടോർവാഹനവകുപ്പ്. 2019-ലെ മോട്ടോർവാഹന നിയമഭേദഗതിപ്രകാരം പെർമനെന്റ് രജിസ്‌ട്രേഷൻ നമ്പർ ഹൈസെക്യൂരിറ്റി നമ്പർപ്ലേറ്റിൽ എഴുതിയാണ് ഡീലേഴ്‌സ് വാഹനങ്ങൾ ഉപയോക്താവിന്registration നൽകിയിരുന്നത്.

ഫാൻസി നമ്പർ ലഭിക്കാൻ രണ്ടുമാസം കാത്തിരിക്കേണ്ടിവന്ന എറണാകുളം സ്വദേശിനി ഇതു ചോദ്യംചെയ്ത് ഹൈക്കോടതിയെ സമീപിച്ചു. എറണാകുളം ആർ.ടി.ഒ.യുടെപേരിലായിരുന്നു പരാതി. വാഹനം വിട്ടുനൽകാൻ 2022 നവംബറിൽ കോടതി ഇടക്കാല ഉത്തരവിട്ടു. തുടർന്നാണ് ടി.പി. നമ്പർ പ്രദർശിപ്പിച്ച് വാഹനം നിരത്തിലിറക്കാൻ മോട്ടോർവാഹനവകുപ്പ് അനുമതിനൽകിയത്.

നിർദേശം നൽകിയിട്ടുണ്ട്

ടി.പി. നമ്പർ മാത്രംവെച്ച് വാഹനം ഉടമയ്ക്ക് കൈമാറാൻ പല വിൽപ്പനക്കാരും തയ്യാറാകാറില്ല. ഇത് നിയമാനുസൃതമാണോയെന്ന് വ്യക്തമല്ലാത്തതും ടി.പി. നമ്പറിലുള്ള വാഹനങ്ങൾ ഓടുന്നതിനിടെ പിടികൂടിയാൽ വിൽപ്പനക്കാരിൽനിന്ന് പിഴയീടാക്കുമോയെന്ന പേടിയുമാണ് കാരണം. ടി.പി. നമ്പറോടുകൂടി വാഹനം നിരത്തിലിറക്കാൻ തടസ്സമില്ലെന്നത് എല്ലാ ആർ.ടി.ഒ.മാരെയും അറിയിച്ചിട്ടുണ്ടെന്ന് മോട്ടോർവാഹനവകുപ്പ് അധികൃതർ വ്യക്തമാക്കി.

ടി.പി. നമ്പറിൽ വാഹനം റോഡിലിറക്കുമ്പോൾ

ശരിയായ നമ്പർപ്ലേറ്റ് പ്രദർശിപ്പിക്കുന്നതുപോലെ വേണം ടി.പി. നമ്പറും പ്രദർശിപ്പിക്കാൻ. മഞ്ഞനിറത്തിലുളള പ്രതലത്തിൽ ചുവന്ന നിറത്തിൽവേണം നമ്പർ എഴുതാൻ. ഇങ്ങനെ ആറുമാസംവരെ വണ്ടി നിരത്തിലിറക്കാം.

നിയമത്തിൽ മാറ്റംവരുന്നതുവരെ തുടരാം

2019-ലെ മോട്ടോർ വാഹനവകുപ്പുനിയമഭേദഗതിയനുസരിച്ച്, താത്കാലിക രജിസ്ട്രേഷൻ നമ്പർ നൽകുന്നതിനുള്ള അവകാശം കേന്ദ്രസർക്കാരിനാണ്. ഷാസി നമ്പർവെച്ച് വാഹനത്തിന്റെ ബോഡി നിർമിക്കുന്നതിനും ഒരു സംസ്ഥാനത്തുനിന്നുവാങ്ങുന്ന വാഹനം മറ്റൊരു സംസ്ഥാനത്ത് രജിസ്റ്റർചെയ്യുന്നതിനുംമാത്രമേ ടി.പി. അനുവദിക്കാവൂ.

അതുപോലെ ഒരു സംസ്ഥാനത്ത് വാങ്ങുന്ന വാഹനം അതേസംസ്ഥാനത്ത് രജിസ്റ്റർചെയ്യുന്നതിന് ടി.പി. നമ്പർ നൽകേണ്ടന്നാണ് കേന്ദ്രസർക്കാർനിലപാട്. എന്നാൽ, കേരളത്തിൽ വാഹനം രജിസ്റ്റർചെയ്യാൻ ടി.പി. നമ്പർ വേണം. ഇതു മാറ്റണമെങ്കിൽ നിയമത്തിൽ ഭേദഗതിവരുത്തണം. നിയമം മാറുന്നതോടെ വാഹനം രജിസ്റ്റർചെയ്യുന്നതിന് ടി.പി. നമ്പർ ആവശ്യമില്ലാതാകും. – ട്രാൻസ്പോർട്ട് കമ്മിഷണർ ഓഫീസ്, കേരളാ മോട്ടാർവാഹനവകുപ്പ്, തിരുവനന്തപുരം

 

Top