ക്ഷേത്ര ദര്‍ശനത്തിനെത്തിയ യുവതിയോട് മര്യാദകേട് കാണിച്ചു; ദേവസ്വം ഉദ്യോഗസ്ഥനെ പഞ്ഞിക്കിട്ട് ഭക്തഭക്തര്‍

കൊച്ചി: ചോറ്റാനിക്കര ഭഗവതി ക്ഷേത്രത്തില്‍ ദര്‍ശനത്തിനെത്തിയ യുവതിയോട് മര്യാദകേട് കാണിച്ച ദേവസ്വം ഉദ്യോഗസ്ഥനെയും ഡ്രൈവറെയും കൈയേറ്റം ചെയ്ത് ഭക്തര്‍. കൊച്ചി ദേവസ്വം ബോര്‍ഡിലെ ഉന്നത ഉദ്യോഗസ്ഥനാണ് യുവതിയോട് മോശമായി പെരുമാറിയത് എന്നാണ് ലഭിക്കുന്ന സൂചന. ഇന്നലെ പുലര്‍ച്ചെ 3:30നാണ് സംഭവം നടന്നത്.

എറണാകുളം സ്വദേശിനിയായ യുവതി ദേവസ്വം ബോര്‍ഡിനും പൊലീസിനും പരാതി നല്‍കിയിട്ടുണ്ട്. യുവതിയുടെ പരാതി ലഭിച്ച ശേഷം ദേവസ്വം വിജിലന്‍സ് ക്ഷേത്രപരിസരത്ത് അന്വേഷണം നടത്തി. എന്നാല്‍ ഈ വിഷയത്തില്‍ പൊലീസ് ഇനിയും കേസ് രജിസ്റ്റര്‍ ചെയ്തിട്ടില്ല.

ചോറ്റാനിക്കര ക്ഷേത്രത്തിലെ നടപന്തലിന് അരികിലുള്ള സത്രത്തില്‍ വച്ചാണ് തന്നോട് ദേവസ്വം ബോര്‍ഡിന്റെ തൃശൂര്‍ ആസ്ഥാനത്തുള്ള ജോലി ചെയ്യുന്ന ഉദ്യോഗസ്ഥനും ഇയാളുടെ ഡ്രൈവറും ചേര്‍ന്ന് മോശമായി പെരുമാറിയതെന്നാണ് യുവതി പൊലീസിന് പരാതി നല്‍കിയിരിക്കുന്നത്. യുവതി ബഹളം വച്ചതോടെയാണ് ക്ഷേത്ര പരിസരത്തുണ്ടായിരുന്ന അയ്യപ്പ ഭക്തരുള്‍പ്പെടെ ഓടിക്കൂടുന്നതും ഇവരെ ഇരുവരെയും കൈകാര്യം ചെയ്യുന്നതും. ദേവസ്വം വിജിലന്‍സ് പരാതിക്കാരിയില്‍ നിന്നും ദേവസ്വം ജീവനക്കാരില്‍ നിന്നും മൊഴി രേഖപ്പെടുത്തിയായിട്ടുണ്ട്. ഭക്തരുടെ മര്‍ദ്ദനത്തില്‍ ദേവസ്വം ബോര്‍ഡ് ഉദ്യോഗസ്ഥന്റെ മുഖത്തും ഡ്രൈവറുടെ ദേഹമാസകലവുമാണ് പരിക്കേറ്റിട്ടുള്ളത്.

Top