എയ്ഡ്‌സ് ഡി.എന്‍.എ എഡിറ്റിങ്ങിലൂടെ ഇല്ലാതാക്കാന്‍ കഴിയുമെന്ന് പഠനം

ന്യൂയോര്‍ക്ക്: ജീവികളുടെ ജിനോമില്‍ എച്ച്.ഐ.വി ഡി.എന്‍.എ എഡിറ്റ് ചെയ്ത് ഒഴിവാക്കാമെന്ന് പഠനം. ടെമ്പിള്‍ യൂനിവേഴ്സിറ്റി ഗവേഷകര്‍ ചുണ്ടെലിയില്‍ നടത്തിയ പരീക്ഷണമാണ് വിജയം കണ്ടത്.

മനുഷ്യ ശരീരത്തിലും ഈ പരീക്ഷണം വിജയിച്ചാല്‍ ഭാവിയില്‍ എയ്ഡ്സ് വ്യാപനം തടയുന്നതില്‍ ഒരുപക്ഷേ വിപ്ലവകരമായ മുന്നേറ്റമായി മാറിയേക്കാം.

മൊളിക്യുലാര്‍ തെറാപ്പി എന്ന സയന്‍സ് ജേര്‍ണലിലാണ് ടെമ്പിള്‍ യൂനിവേഴ്സിറ്റി ഗവേഷകര്‍ നടത്തിയ പരീക്ഷണ വിവരങ്ങള്‍ പ്രസിദ്ധീകരിച്ചത്.

മൂന്ന് മൃഗങ്ങളിലാണ് പരീക്ഷണം നടത്തിയത്. ഇതില്‍ മനുഷ്യസഹജമായ അംശങ്ങള്‍ അടങ്ങിയ ചുണ്ടെലിയില്‍ നടത്തിയ പഠനവും വിജയമായിരുന്നുവെന്നത് ശാസ്ത്രലോകത്തിന് വലിയ പ്രതീക്ഷയാണ് നല്‍കുന്നത്.

മാരകമായ രീതിയില്‍ എച്ച് ഐവി വൈറസ് ആക്രമിച്ച ചുണ്ടെലിയുടെ കോശങ്ങളിലും മനുഷ്യകോശങ്ങളിലും നടത്തിയ ജീന്‍ എഡിറ്റിങ് വിജയകരമായിരുന്നുവെന്ന് ഗവേഷകര്‍ പറയുന്നു.

എച്ച് ഐവി ടൈപ്പ് 1 വൈറസ് ബാധിതമായ കോശങ്ങള്‍ പെരുകുന്നത് തടയാനും ഡിഎന്‍എയെ എഡിറ്റ് ചെയ്ത് ഒഴിവാക്കുന്നതിലൂടെ സാധിക്കും. ഇതിലൂടെ വൈറസ് ബാധിതമായ കോശങ്ങളെ നീക്കം ചെയ്യാനാവുമെന്നും ഗവേഷകര്‍ പ്രത്യാശിക്കുന്നു.

Top