പരീക്ഷപ്പേടി അകറ്റാന്‍ ചെന്ന പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമം; പൂജാരി അറസ്റ്റില്‍

തിരുവനന്തപുരം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ പൂജാരി അറസ്റ്റില്‍.മണിയപ്പന്‍ എന്ന് അറിയപ്പെടുന്ന മണിസ്വാമിയെയാണ് പോക്‌സോ നിയമം ചുമത്തി പൊലീസ് അറസ്റ്റ് ചെയ്തത്. ഈഞ്ചക്കല്‍ സുബാഷ് നഗറിലുള്ള ക്ഷേത്രത്തില്‍ പൂജാരിയാണിയാള്‍.

പരീക്ഷ പേടിക്ക് പരിഹാരം തേടി ക്ഷേത്രത്തിലെത്തിയ പെണ്‍കുട്ടിയെയാണ് ക്ഷേത്രത്തിലെ വിശ്രമ കേന്ദ്രത്തില്‍ വച്ച് ഇയാള്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചത്.

ഒരാഴ്ച മുന്‍പ് അമ്മയ്‌ക്കൊപ്പം പരീക്ഷ പേടി മാറ്റാന്‍ ആവശ്യമായ പൂജ വേണമെന്ന് ആവശ്യപ്പെട്ട് ക്ഷേത്രത്തില്‍ എത്തിയ പെണ്‍കുട്ടിയേയും അമ്മയേയും തിരക്കായതിനാല്‍ നാല് ദിവസത്തിന് ശേഷം വരാന്‍ പൂജാരി നിര്‍ദേശിക്കുകയായിരുന്നു. അത് അനുസരിച്ച് പൂജാരി പറഞ്ഞ ദിവസം പെണ്‍കുട്ടി ഒറ്റയ്ക്കാണ് ക്ഷേത്രത്തില്‍ എത്തിയത്. തുടര്‍ന്ന് പെണ്‍കുട്ടിയെ പൂജ കഴിഞ്ഞ് ക്ഷേത്ര നട അടയ്ക്കും വരെ പൂജാരി മാറ്റി നിര്‍ത്തുകയായിരുന്നു. പിന്നീട് ശ്രീകോവിലിന് പിന്നിലുള്ള ഇരുനില കെട്ടിടത്തിലേക്ക് കൊണ്ടുപോയി പെണ്‍കുട്ടിയെ ഉപദ്രവിക്കുകയായിരുന്നു.

ഭയന്ന് ഇറങ്ങി ഓടിയ പെണ്‍കുട്ടി വീട്ടുകാരെ വിവരമറിയിച്ചതിനെത്തുടര്‍ന്ന്‌ വീട്ടുകാര്‍ ഫോര്‍ട്ട് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

Top