ക്ഷേത്രത്തില്‍ കവര്‍ച്ച നടത്തി; മോഷ്ടാവ് പൊലീസ് പിടിയില്‍

കൊല്ലം: ക്ഷേത്രത്തില്‍ കവര്‍ച്ച നടത്തിയ മോഷ്ടാവ് മണിക്കൂറുകള്‍ക്കകം പൊലീസ് പിടിയില്‍. നിരവധി കേസുകളില്‍ പ്രതിയായ ഷഹാറാണ് പൊലീസ് പിടിയിലായത്. കൊല്ലം തട്ടാമല അഞ്ചുകോയിക്കല്‍ ധര്‍മശാസ്താ ക്ഷേത്രത്തിലെ കാണിക്ക വഞ്ചികള്‍ കുത്തിതുറന്ന് മോഷണം നടത്തിയ പ്രതിയാണ് മണിക്കൂറുകള്‍ക്കകം ഇരവിപുരം പൊലീസിന്റെ പിടിയിലായത്.

ബുധനാഴ്ച രാത്രി പത്തരയോടെ നാല് കാണിക്ക വഞ്ചികള്‍ കുത്തിതുറന്നത്. ക്ഷേത്രവളപ്പില്‍ തന്നെ താമസിക്കുന്ന പൂജാരിയാണ് അസമയത്ത് ഒരാള്‍ വഞ്ചിക്ക് സമീപം നില്‍ക്കുന്നതായി കണ്ടത്. തുടര്‍ന്ന് ശാന്തി നാട്ടുകാരേയും ക്ഷേത്രം ഭാരവാഹികളെയും വിളിച്ചുവരുത്തി. ആളുകള്‍ എത്തുന്നത് മനസ്സിലാക്കിയ മോഷ്ടാവ് പുറത്തേക്ക് ഓടി രക്ഷപെട്ടു.

ഉടനടി സ്ഥലത്തെത്തിയ പൊലീസ് സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ച ശേഷം പ്രദേശമാകെ വളഞ്ഞ് അരിച്ചുപെറുക്കി നടത്തിയ അന്വേഷണത്തിലാണ് ഇയാള്‍ പിടിയിലായത്. ക്ഷേത്രങ്ങളില്‍ മോഷണം പതിവാക്കിയ നാവായിക്കുളം സ്വദേശി ഷഹാര്‍ നിരവധി കേസുകളില്‍ പ്രതിയാണെന്ന് പൊലീസ് അറിയിച്ചു.

കാവല്‍പ്പുരയിലുള്ള ഒരു ആക്രി കടയില്‍ പകല്‍ സമയം ജോലിക്കാരനായി നില്‍ക്കുന്ന പ്രതി രാത്രിയിലാണ് മോഷണത്തിനായി ഇറങ്ങുന്നത്. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നടന്ന ക്ഷേത്ര മോഷണങ്ങളില്‍ ഇയാള്‍ക്ക് പങ്കുള്ളതായി പൊലീസ് സംശയിക്കുന്നു.

 

Top