ദളിതര്‍ വിവാഹത്തിനെത്തി; ക്ഷേത്രഗേറ്റ് അടച്ചുപൂട്ടി ജാതിഭ്രാന്തന്മാര്‍; പിന്നീട് സംഭവിച്ചത് ഇങ്ങനെ..

മ്പൂര്‍ണ്ണ പോലീസ് സുരക്ഷയില്‍ ഒരു വിവാഹം. അരുണ്‍ സ്റ്റാലിനും, ദിവ്യയും സ്വപ്നത്തില്‍ പോലും അത്തരമൊരു അനുഭവത്തെക്കുറിച്ച് ചിന്തിച്ച് കാണില്ല. പക്ഷെ ഇക്കഴിഞ്ഞ ഞായറാഴ്ച ജാതിഭ്രാന്ത് പിടികൂടിയ ഒരു വിഭാഗം ഹിന്ദുക്കള്‍ അവര്‍ ക്ഷേത്രത്തില്‍ വെച്ച് വിവാഹം ചെയ്യുന്നത് തടയാന്‍ ശ്രമിച്ചപ്പോള്‍ പോലീസ് ഇടപെടുകയും, സുരക്ഷയില്‍ വിവാഹം നടത്തുകയുമായിരുന്നു.

തമിഴ്‌നാട്ടിലെ സെന്തുരൈയ്ക്ക് സമീപമുള്ള ചൊക്കണത്താപുരം ഗ്രാമത്തിലെ വരദരാജ പെരുമാള്‍ ക്ഷേത്രത്തിലാണ് ദളിത് വിഭാഗത്തില്‍ നിന്നുള്ള അരുണിന്റെയും, ദിവ്യയുടെയും വിവാഹം നിശ്ചയിച്ചിരുന്നത്. ക്ഷേത്രത്തിന് മുന്‍കൂര്‍ ഫീസ് അടച്ച് ബുക്ക് ചെയ്ത ശേഷമാണ് ബന്ധുക്കളെ കൂട്ടി ഇവര്‍ വിവാഹത്തിന് എത്തിയത്. എന്നാല്‍ ഈ സമയത്ത് ക്ഷേത്രത്തിലെ ഗേറ്റുകള്‍ പല താഴുകളും, ചങ്ങലകളും ഇട്ട് പൂട്ടിയ നിലയിലായിരുന്നു.

ദളിത് വധൂവരന്‍മാര്‍ വിവാഹം നടത്തുന്നതായി കേട്ടറിഞ്ഞ ഗ്രാമത്തിലെ ജാതിഭ്രാന്ത് പിടിച്ച ഹിന്ദുക്കളാണ് ഗേറ്റുകള്‍ അടച്ചത്. നൂറോളം പോലീസുകാര്‍ സ്ഥലത്തെത്തി. ക്ഷേത്ര ഭാരവാഹികളും, പൂജാരിയും അകത്ത് കടക്കാന്‍ കഴിയാതെ പുറത്ത് കാത്തുനിന്നപ്പോള്‍ മൂന്ന് താക്കോലുകള്‍ പോലീസ് നേടിയെടുത്തു. എന്നിട്ടും ഏതാനും താഴുകള്‍ തകര്‍ത്താണ് പോലീസ് വധൂവരന്‍മാരെ ചടങ്ങിന് എത്തിച്ചത്.

പുരോഹിതന്റെ നേതൃത്വത്തില്‍ രണ്ട് മണിക്കൂര്‍ വൈകി വിവാഹം പോലീസ് സംരക്ഷണത്തില്‍ നടന്നു. സംഭവത്തില്‍ അന്വേഷണം നടക്കുകയാണെന്നും നടപടി സ്വീകരിക്കുമെന്നും പോലീസ് വ്യക്തമാക്കി.

Top