സംസ്ഥാനത്ത് ചൂട് 40 ഡിഗ്രിയേ‍ാളം എത്തി; അൾട്രാവയലറ്റ് രശ്മികളുടെ തീവത്രയും കൂടി

പാലക്കാട് : കർക്കടകത്തിൽ തന്നെ വർധിച്ചു തുടങ്ങിയ ഉഷ്ണം ഒ‍ാണക്കാലത്ത് പലയിടത്തും 40 ഡിഗ്രിയേ‍ാളം എത്തിയിരിക്കുന്നു. ആകാശം തെളിഞ്ഞതേ‍ാടെ അൾട്രാവയലറ്റ്(യുവി) രശ്മികളുടെ തീവ്രതയും കൂടിത്തുടങ്ങി.

നാട്ടുചെ‍ാല്ല് അനുസരിച്ചുള്ള ആനത്തേ‍ാലും ഉണങ്ങുന്ന കർക്കടകത്തിലെ പത്തുവെയിലല്ല ഇത്തവണ കാണുന്നത്. മഞ്ഞുകാലത്തെന്ന ‍പോലെ പലയിടത്തും കേ‍ാട പരക്കുന്നു. വിദഗ്ധർക്കും ശാസ്ത്രജ്ഞർക്കും നിരീക്ഷണത്തിനും ഇടകെ‍ാടുക്കാത്തവിധത്തിലാണ് മാറ്റം. അടുത്തമാസം മഴ ലഭിച്ചില്ലെങ്കിൽ കേരളം കടുത്ത വരൾച്ചയിലേക്ക് പേ‍ാകുമെന്നു അവർ വ്യക്തമാക്കുന്നു. എന്നാൽ, നിലവിലെ സൂചനകളിലെ‍ാന്നിലും മഴസാധ്യത തെളിയുന്നില്ല.

കാർഷികമേഖലയിൽ വരൾച്ചയുടെ ലക്ഷണങ്ങൾ വ്യക്തമായി തുടങ്ങി. കാലവർഷത്തിൽ ജലം സംഭരിച്ച് പിന്നീട് സമതലങ്ങളിലേക്ക് തിരിച്ചുതരുന്ന കിഴക്കൻ മേഖലയിലാണ് ഇത്തവണ മഴക്കുറവ് രൂക്ഷമെന്നത് ആശങ്ക വർധിപ്പിക്കുന്നു. സംസ്ഥാനത്തിന്റെ ജലസംഭരണിയാണ് ഈ പ്രദേശം. നിലവിൽ ഇടുക്കിയിലാണ് മഴ തീരെക്കുറഞ്ഞത്– 63%. വയനാട്, പാലക്കാട്, കേ‍ാട്ടയം, തൃശൂർ, കേ‍ാഴിക്കേ‍ാട് ജില്ലകളിൽ 50% ലധികമാണ് മഴക്കുറവ്. ജൂൺ ഒന്നുമുതൽ ഇതുവരെ 2,092 മില്ലീമീറ്റർ മഴ ലഭിക്കേണ്ട ഇടുക്കിയിൽ കിട്ടിയത് 783.8 മില്ലീമീറ്റർ മഴ. സംസ്ഥാനത്ത് ഈ മാസം ഏതാണ്ട് 10% മഴ മാത്രമാണ് കിട്ടിയത്. എൽനീനേ‍ാ ഇത്തവണ തീവ്രമാകുമെന്ന് മാസങ്ങൾക്ക് മുൻപുതന്നെ പ്രമുഖ കാലാവസ്ഥ ശാസ്ത്രജ്ഞനും വിവിധ ഏജൻസികളും പറഞ്ഞിരുന്നു.

എങ്കിലും മേ‍ാശമല്ലാത്ത കാലവർഷം ലഭിക്കാമെന്നും പ്രവചിച്ചു. പക്ഷേ കണക്കു കൂട്ടലുകൾ പാടെ തെറ്റി. തുലാവർഷത്തിനു ശേഷം ഒക്ടേ‍ാബർ–നവംബർ കാലത്താണ് കേ‍ാട പരന്നു തുടങ്ങാറെങ്കിലും ഇത്തവണ കാലവർഷക്കാലം അവസാനിക്കാൻ ഒരുമാസം ശേഷിക്കേയാണ് അതു കാണുന്നത്. മഞ്ഞുകാലത്തെ വരണ്ടകാറ്റ് വന്നിട്ടില്ലെന്നുമാത്രം. ഭൂമിയിൽ പതിക്കുന്ന അൾട്രാവയലറ്റ് രശ്മിയുടെ അളവ് ശരാശരിയേക്കാൾ മുകളിലാണ്. അടുത്തമാസം ആദ്യം കുറച്ചു മഴയുണ്ടാകാമെന്ന് കാലാവസ്ഥ ശാസ്ത്രജ്ഞർ നിരീക്ഷിക്കുന്നുണ്ടെങ്കിലും കാറ്റിന്റെ ദിശ മാറിയാലേ അതും സാധ്യമാകൂ. കാലവർഷമേഘങ്ങൾ മുഴുവൻ ഹിമാലയമേഖലയിലേക്കു മാറി. മൺസൂൺപാത്തിയും അതേദിശയിലായതേ‍ാടെയാണ് കേരളത്തിൽ മഴക്കാലത്തിന് നീണ്ട ഇടവേള വന്നത്. ഹിമാചൽപ്രദേശ്, ജാർഖണ്ഡ് സംസ്ഥാനങ്ങളിൽ അതിതീവ്രമഴയും വെള്ളപെ‍ാക്കവും ദുരന്തവും തുടരുമ്പേ‍ാൾ ഇവിടെ വരൾച്ചയുടെ ആശങ്ക ഉയർന്നു തുടങ്ങി.

ഹിമാലയപ്രദേശത്തുനിന്ന് കാറ്റ് തിരിച്ചെത്തിവേണം തുലാവർഷം പെയ്യാൻ. അതിന് ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം വേണമെന്നും മുതിർന്ന കാലാവസ്ഥ വിദഗ്ധൻ ഡേ‍ാ.എം.കെ.സതീഷ്കുമാർ പറഞ്ഞു. കടലിൽ പതിവിന് വിപരീതമായി ഈ സമയത്ത് അടിയെ‍ാഴുക്ക് കാണുന്നതായി മത്സ്യത്തൊഴിലാളികൾ പറയുന്നു.. വൈകിട്ടേ‍ാടെ കടലിനു മുകളിൽ കാർമേഘങ്ങൾ വരുമെങ്കിലും അവ പെട്ടെന്ന് മാറിപ്പോകുകയാണ്.

ഫെബ്രുവരിയേ‍ാടെ ആരംഭിച്ച ശാന്തസമുദ്രത്തിലെ ഉഷ്ണജലപ്രവാഹപ്രതിഭാസം (എൽനീനേ‍ാ) അടുത്തമാസത്തേ‍ാടെ തീവ്രവമാകുമെന്നാണ് രാജ്യാന്തര കാലാവസ്ഥ ഏജൻസികളുടെ പ്രവചനം. ഇതിനിടയിലും മഴ പെയ്യാനുള്ള സാധ്യത ശാസ്ത്രജ്ഞർ തള്ളിക്കളയുന്നില്ല. സമുദ്രങ്ങളിലെ താപനിലയിലുണ്ടാകുന്ന വ്യത്യാസത്തിൽ, കാറ്റ് രൂപപ്പെട്ടാണ് മഴ പെയ്യുകയെങ്കിലും നിലവിൽ അതിനും നേരിയ സാധ്യതയാണ് ശേഷിക്കുന്നത്.

ആഗേ‍ാളതിളപ്പിന്റെ സാഹചര്യത്തിൽ മറ്റിടങ്ങളിലെ കാറ്റും കാർമേഘങ്ങളും എൽനീനേ‍ാ മേഖലയിലേക്ക് വലിച്ചെടുക്കുകയാണ്. ഇത്തരമെ‍ാരു അവസ്ഥയിൽ കടലിൽ അത്യുഷ്ണമുണ്ടായി ന്യൂനമർദ്ദം രൂപപ്പെട്ട് മഴക്കുളള സാധ്യതയും വിദഗ്ധർ തള്ളിക്കളയുന്നില്ല. ഇതിനിടെ,സംസ്ഥാന ദുരന്തനിവാരണ അതേ‍ാറിറ്റിയും. കേന്ദ്ര കൃഷിമന്ത്രാലയവും വരൾച്ച നേരിടാനുള്ള പ്രാഥമിക റിപ്പേ‍ാർട്ട് തയാറാക്കി തുടങ്ങി.

Top