തെലുങ്ക് സൂപ്പർതാരം മഹേഷ് ബാബുവിനും രാഷ്ട്രീയ മോഹമോ ? ചങ്കിടിച്ച് നേതാക്കൾ

വിജയവാഡ: തെലുങ്ക് സൂപ്പര്‍ താരം മഹേഷ് ബാബുവിനും രാഷ്ട്രീയ മോഹമോ ?

സാധാരണ രാഷ്ട്രീയ നേതാക്കളുടെ റോളില്‍ നിന്നും ഒഴിഞ്ഞു മാറുന്ന മഹേഷ് ബാബു മുഖ്യമന്ത്രിയായി എത്തുന്ന ‘ഭരത് ആനെ നേനു'(Bharat Ane Nenu) ആഡ്രപ്രദേശില്‍ തരംഗം സൃഷ്ടിച്ച് പ്രദര്‍ശനം തുടരുകയാണ്.

പിതാവായ മുഖ്യമന്ത്രിയുടെ മരണശേഷം നാട്ടിലെത്തുന്ന യുവാവായ മകന്‍ മുഖ്യമന്ത്രി പദം ഏറ്റെടുക്കുന്നതും പിന്നീട് നേരിടുന്ന വെല്ലുവിളികളുമാണ് പ്രമേയം. ഭരണപക്ഷവും പ്രതിപക്ഷവും അഴിമതിയുടെ കാര്യത്തില്‍ ഒരേ നാണയത്തിന്റെ രണ്ട് വശങ്ങളാണ് എന്ന് സിനിമ ഓര്‍മ്മപ്പെടുത്തുന്നു.

eb3ca90a-bcd9-4960-98bd-0cdb124d3257

വര്‍ഷങ്ങള്‍ക്ക് മുന്‍പ് പുറത്തിറങ്ങിയ ശങ്കറിന്റെ സൂപ്പര്‍ ഹിറ്റ് തമിഴ് സിനിമ ‘ജന്റില്‍മേന്‍’ മോഡലിലാണ് ഈ സിനിമയും ചിത്രീകരിച്ചിരിക്കുന്നത്. പാവപ്പെട്ടവര്‍ക്ക് വേണ്ടി പോരാടുന്ന യുവ മുഖ്യമന്ത്രിയുടെ കഥ ജനങ്ങള്‍ ഏറ്റെടുത്തെന്നാണ് റിപ്പോര്‍ട്ടുകള്‍.

അതേസമയം തമിഴകത്തെ പോലെ തന്നെ രാഷ്ട്രീയവും സിനിമയും ഇടകലര്‍ന്ന സംസ്ഥാനമായതിനാല്‍ മഹേഷ് ബാബുവിന്റെ നീക്കങ്ങളെ ഭരണ, പ്രതിപക്ഷ പാര്‍ട്ടികള്‍ ആശങ്കയോടെയാണ് കാണുന്നത്.

4a65d547-d891-401d-beb5-bbe5cc111f11

തെലുങ്കുദേശം എന്ന പാര്‍ട്ടി രൂപീകരിച്ച് കന്നിത്തിരഞ്ഞെടുപ്പില്‍ തന്നെ ആന്ധ്ര ഭരണം പിടിച്ച് മുഖ്യമന്ത്രിയായത് മുന്‍ സൂപ്പര്‍ സ്റ്റാര്‍ എന്‍.ടി.രാമറാവുവാണ്. പിന്നീട് ചിരഞ്ജീവിയും രാഷ്ട്രീയത്തിലിറങ്ങി കരുത്ത് തെളിയിച്ചു.

ഇപ്പോള്‍ തെലുങ്കാനയായും സീമാഡ്രയായും വിഭജിച്ച് രണ്ട് സംസ്ഥാനങ്ങളായി കിടക്കുന്ന ആന്ധ്രയില്‍ നിന്ന് ആകെ 46 ലോക്‌സഭാംഗങ്ങള്‍ ഉള്ളതിനാല്‍ ബി.ജെ.പിക്കും കോണ്‍ഗ്രസ്സിനും തെലുങ്ക് മണ്ണ് കേന്ദ്ര ഭരണത്തിന് നിര്‍ണ്ണായകമാണ്.

തെലുങ്കാനയില്‍ ടി.ആര്‍.എസും സീമന്ധ്രയില്‍ തെലുങ്കുദേശം പാര്‍ട്ടിയുമാണ് നിലവില്‍ ഭരണത്തിലുള്ളത്.

സീമന്ധ്രയോട് കേന്ദ്രം അവഗണന കാട്ടുന്നതില്‍ പ്രതിഷേധിച്ച് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു കേന്ദ്ര സര്‍ക്കാറിനോട് ഉടക്കി നില്‍ക്കുകയാണ്. ഇവിടുത്തെ പ്രധാന പ്രതിപക്ഷമായ വൈ.എസ്.ആര്‍ കോണ്‍ഗ്രസ്സും കേന്ദ്ര സര്‍ക്കാറിനെതിരെ പ്രക്ഷോഭത്തിലാണ്.

ലോക്‌സഭാ തിരഞ്ഞെടുപ്പിനൊപ്പം ഇവിടങ്ങളില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനുള്ള സാധ്യതയും തള്ളിക്കളയാന്‍ കഴിയില്ല. ഈ സാഹചര്യത്തില്‍ സൂപ്പര്‍സ്റ്റാര്‍ മഹേഷ് ബാബു മുഖ്യമന്ത്രിയായി വെള്ളിത്തിരയില്‍ അവതരിച്ചത് എന്ത് ഭാവിച്ചാണ് എന്നതാണ് രാഷ്ട്രീയ പാര്‍ട്ടികളെ അലട്ടുന്നത്.

mahesh babu

ലക്ഷക്കണക്കിന് ആരാധകരുള്ള താരത്തിന്റെ ഫാന്‍സ് സംഘടനക്ക് രണ്ട് സംസ്ഥാനങ്ങളിലും ശക്തമായ സംഘടനാ അടിത്തറയുണ്ട്.

മഹേഷ് ബാബു രാഷ്ട്രീയ പാര്‍ട്ടി രൂപീകരിച്ചാല്‍ അത് തെലുങ്കാനയിലും സീമാന്ധ്രയിലും വലിയ പ്രത്യാഘാതം ഉണ്ടാക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരും ചൂണ്ടിക്കാട്ടുന്നത്.

രാഷ്ട്രീയ നേതാക്കളേക്കാള്‍ സൂപ്പര്‍സ്റ്റാറുകളെ ‘ദൈവമായി’ കാണുന്ന തെലുങ്ക് നാട്ടില്‍ മഹേഷ് ബാബു രാഷ്ട്രീയത്തില്‍ ഇറങ്ങണമെന്നും അട്ടിമറി വിജയം നേടണമെന്നും ആഗ്രഹിക്കുന്നവരാണ് പുതുതലമുറയിലെ വലിയ വിഭാഗവും.

22274c1c-81d0-44f9-9284-58251aca6a28

ഇനി മഹേഷ് ബാബു അതിന് തയ്യാറായില്ലങ്കില്‍ ആന്ധ്ര മുന്‍ മുഖ്യമന്ത്രി രാജശേഖര റെഡ്ഡിയുടെ മകന്‍ ജഗന്‍ മോഹന്‍ റെഡ്ഡിക്കാകും ഭരത് ആനെ നേനു എന്ന ഈ സിനിമ ഗുണം ചെയ്യുക.

രാജശേഖര റെഡ്ഡിയുടെ മരണത്തെ തുടര്‍ന്ന് പിന്നീട് രാഷ്ട്രീയത്തിലിറങ്ങിയ ജഗന്‍മോഹനുമായി ഒരു സാമ്യം സിനിമയിലെ നായക കഥാപാത്രത്തിനുണ്ട് എന്നതും ഇപ്പോള്‍ തന്നെ ഇവിടെ ചര്‍ച്ചാ വിഷയമാണ്.

തമിഴകത്ത് രജനിയും കമലും രാഷ്ട്രീയത്തിലിറങ്ങിയതിന് പിന്നാലെയാണ് അയല്‍ സംസ്ഥാനത്തും പുതിയ ചുവടുവെപ്പ് ഉണ്ടായിരിക്കുന്നതെന്നതും ശ്രദ്ധേയമാണ്.

Top