തെലുങ്ക് സീരിയല്‍ താരത്തിന്റെ മരണം; ആത്മഹത്യയെന്ന് സ്ഥിതീകരിച്ച് പൊലീസ്

ഹൈദരാബാദ്: ടെലിവിഷന്‍ താരം ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ മരണം ആത്മഹത്യയെന്ന് സ്ഥിതീകരിച്ച് പൊലീസ്. തെലുങ്ക് സിനിമ- സിരിയല്‍ രംഗത്തെ പ്രമുഖ നടിയായ 21കാരി നാഗ ഝാന്‍സിയെയാണ് കഴിഞ്ഞ ദിവസം വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. നടിക്ക് ആറുമാസമായി ഒരു യുവാവുമായി പ്രണയമുണ്ടായിരുന്നെന്നും ഇത് വഴിപിരിഞ്ഞതോടെ വലിയ മാനസിക വിഷമത്തിലായിരുന്നുവെന്നുമാണ് വിവരം.

ഹൈദരാബാദിലെ ശ്രീനഗര്‍ കോളനിയിലെ വസതിയില്‍ ഇന്നലെ രാത്രി ഒമ്പത് മണിയോടെയാണ് നടിയെ സീലിംഗ് ഫാനില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. ആ സമയത്ത് യുവതി കാമുകനുമായി ചാറ്റ് ചെയ്തിരുന്നതായി മുറിയില്‍നിന്നും കണ്ടെടുത്ത മൊബൈല്‍ ഫോണില്‍നിന്ന് പൊലീസ് കണ്ടെത്തി. ഫോണിലെ കോള്‍ ലിസ്റ്റും ചാറ്റും പൊലീസ് പരിശോധിച്ച് വരികയാണ്. കഴിഞ്ഞ ആറ് മാസമായി ഒരു യുവാവുമായി യുവതി അടുപ്പത്തിലായിരുന്നു. എന്നാല്‍ നടിയുടെ വീട്ടുകാര്‍ ഈ ബന്ധത്തെ എതിര്‍ത്തിരുന്നു.

ഝാന്‍സി വീടിന്റെ വാതില്‍ തുറക്കാത്തതിനെ തുടര്‍ന്ന് സഹോദരന്‍ വിവരം പൊലീസില്‍ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് പൊലീസെത്തി വാതില്‍ ചവിട്ടി തുറക്കുകയും മൃതദേഹം കണ്ടെത്തുകയുമായിരുന്നു. സംഭവം നടക്കുന്ന സമയത്ത് ഝാന്‍സി ഫ്‌ലാറ്റില്‍ തനിച്ചായിരുന്നുവെന്നും പൊലീസ് പറയുന്നു.

Top